
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ പക്കലുള്ള അസംസ്‌കൃത എണ്ണ, പെട്രോൾ (ഗാസോലിൻ), ഡീസൽ എന്നിവയുടെ കരുതിവെപ്പ് ശേഖരം അതിവേഗം താഴേക്കെന്ന് റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ, നിലവിലുള്ള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ അമേരിക്കൻ ഇന്ധന വ്യവസായ മേഖലയ്ക്ക് തങ്ങളുടെ സംഭരണശാലകളിലുള്ള (സ്റ്റോറേജ്) എണ്ണയെ പൂർണ്ണമായും ആശ്രയിക്കേണ്ടി വരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട യു.എസ് ഫെഡറൽ ഡാറ്റ പ്രകാരം, മെമ്മോറിയൽ ഡേ വാരാന്ത്യത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ മാത്രം വാണിജ്യ-അടിയന്തിര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന എണ്ണയുടെയും മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങളുടെയും ശേഖരത്തിൽ 17.4 ദശലക്ഷം ബാരലിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയത്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (ഇ.ഐ.എ) കണക്കുകൾ പ്രകാരം, 2003 മേയ്‌ക്ക് ശേഷം ഈ സീസണിൽ ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ എണ്ണ ശേഖരമാണിത്.
ഇതേ വേഗതയിലാണ് എണ്ണ ശേഖരം ചോരുന്നതെങ്കിൽ വരും ദിവസങ്ങളിൽ രാജ്യം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ‘ലിപ്പോ ഓയിൽ അസോസിയേറ്റ്സ്’ പ്രസിഡന്റ് ആൻഡി ലിപ്പോ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇന്ധന ഉപഭോഗം ഇതേ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, എണ്ണ ശേഖരത്തിലുണ്ടാകുന്ന ഈ ദ്രുതഗതിയിലുള്ള കുറവ് വാഷിംഗ്ടണിന് മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.












