
റിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. വിർജീനിയയിലെ ഇൻ്റർസ്റ്റേറ്റ് 95 (I-95) ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട യാത്രാബസ് ആറോളം കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വിർജീനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം കാറുകളിലെ യാത്രക്കാരാണ്. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഹൈവേയിൽ വാഹനങ്ങൾ പതിയെ നീങ്ങുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ ബസ് കാറുകളിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന് തീപിടിക്കുകയും ചെയ്തു. ഈ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും (7, 13 വയസ്സ്) രണ്ട് മുതിർന്നവരും, മറ്റൊരു കാറിലുണ്ടായിരുന്ന 25 വയസ്സുകാരിയുമാണ് മരിച്ചത്.
ന്യൂയോർക്കിൽ നിന്നും നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്ന ‘ഇ ആൻഡ് പി ട്രാവൽസ്’ കമ്പനിയുടെ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബസ് ഡ്രൈവർ ജിങ് എസ്. ഡോങ് (48) പരിക്കുകളോടെ രക്ഷപ്പെട്ടു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
bus crashes into cars on highway; 5 people including children die, 44 injured in Virginia















