
വാഷിംഗ്ടൺ: ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരാറിന്മേൽ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ദേശീയ സുരക്ഷാ ഉപദേശകരുമായി ട്രംപ് ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ലെന്ന് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൻ്റെ കടുത്ത നിബന്ധനകൾ അംഗീകരിക്കുന്നതും ഇറാൻ്റെ ആണവ മോഹങ്ങൾക്ക് തടയിടുന്നതുമായ ഒരു കരാറിൽ മാത്രമേ ട്രംപ് ഒപ്പുവെക്കൂ എന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും, ഹോർമൂസ് കടലിടുക്കിലെ കടൽ മൈനുകൾ പൂർണ്ണമായും നശിപ്പിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നിലവിലെ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് യു.എസ്-ഇറാൻ പ്രതിനിധികൾക്കിടയിൽ താൽക്കാലിക ധാരണയുണ്ടായിരുന്നത്.
മിസൈലുകളിലൂടെ മാത്രം വിട്ടുവീഴ്ചയെന്ന് ഇറാൻ
അതേസമയം അമേരിക്കയുടെയോ ഇസ്രായേലിൻ്റെയോ വാക്കുകളിലോ ഉറപ്പുകളിലോ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇറാൻ്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ആണവ ചർച്ചകൾ നടക്കുന്നതിനിടെ യു.എസും ഇസ്രായേലും രണ്ടുതവണ ഇറാനെ ആക്രമിച്ച പശ്ചാത്തലത്തിലാണിത്. ചർച്ചകളിലൂടെയല്ല, മിസൈലുകളിലൂടെയാണ് തങ്ങൾ നേട്ടങ്ങൾ കൈവരിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ആണവ പദ്ധതിയുടെ വിശദാംശങ്ങളല്ല, മറിച്ച് യുദ്ധം അവസാനിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ഇറാൻ വ്യക്തമാക്കി. കൂടാതെ, ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലും തങ്ങളുടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിൻ്റെ ഫണ്ട് വിട്ടുകിട്ടലും ഇറാൻ കരാറിൻ്റെ ഭാഗമായി ആവശ്യപ്പെടുന്നുണ്ട്.
ഇറാൻ കൈവശം വെച്ചിരിക്കുന്ന 60% വീര്യം കൂടിയ യുറേനിയം ശേഖരം യു.എസിൻ്റെയും ഐ.എ.ഇ.എയുടെയും മേൽനോട്ടത്തിൽ പുറത്തെടുത്ത് നശിപ്പിക്കണമെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്.
അതിനിടെ, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യു.എസും ഇറാനും തമ്മിൽ താൽക്കാലിക ധാരണ രൂപപ്പെടുന്നതായി സൂചന വരുന്നുണ്ട്. പുതിയ കരാർ പ്രകാരം 30 ദിവസത്തിനകം കടലിടുക്കിലെ എല്ലാ മൈനുകളും ഇറാൻ നീക്കം ചെയ്യേണ്ടിവരുമെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി നികുതി ഈടാക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനും എണ്ണ വിൽപ്പന പുനരാരംഭിക്കാൻ അനുവദിക്കാനും യു.എസ് തയ്യാറായേക്കും. എന്നാൽ, കടലിടുക്കിൻ്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഇറാനും ഒമാനും ചേർന്ന് ഇവിടുത്തെ കപ്പൽ ഗതാഗതം സംയുക്തമായി നിയന്ത്രിക്കുമെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പക്ഷേ, തങ്ങളുടെ സഖ്യകക്ഷിയായ ഒമാൻ ഇത്തരമൊരു നീക്കത്തിന് മുതിർന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി ചേർന്ന് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ ഒമാനെ ‘തകർത്തു കളയുമെന്നാണ്’ ട്രംപ് ഭീഷണിപ്പെടുത്തിയത്.
Crucial discussions in the Situation Room also failed. Trump without final decision. Iran will not trust America















