
വാഷിങ്ടന്‍ : സെപ്റ്റംബറില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം യു.എസിലേക്ക് അപൂര്‍വ ധാതുക്കള്‍ കയറ്റി അയച്ച് പാക്കിസ്ഥാന്‍. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമായിരുന്നു ഈ കരാര്‍. രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്ക് പ്രതിപക്ഷം രംഗത്തെത്തി.
ധാതുക്കളുടെ വാണിജ്യ മേഖലയിലേക്ക് പാക്കിസ്ഥാന് കടന്നുവരാന്‍ കളമൊരുക്കുന്നതാണ് കരാറെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 6 ട്രില്യന്‍ ഡോളര്‍ മൂല്യമുണ്ട് പാക്കിസ്ഥാനിലെ ധാതു സമ്പത്തിന്. സാമ്പത്തിക പ്രതിസന്ധി കരാറിലൂടെ മറികടക്കാമെന്നാണ് പാക്ക് പ്രതീക്ഷ. കരാറിന്റെ ഭാഗമായി 500 മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് യുഎസ് സ്ട്രാറ്റജിക് മെറ്റല്‍ കമ്പനി ഒരുങ്ങുന്നത്.
പാക്കിസ്ഥാനിലെ ഫ്രോണ്ടിയര്‍ വര്‍ക്ക്‌സ് ഓര്‍ഗനൈസേഷനുമായി (എഫ്ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്. യുഎസ് പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.
കരാറിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമുണ്ട്. കരാറിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രികെ ഇന്‍സാഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.















