
ടെഹ്റാൻ: ലെബനനിലെ ഇസ്രായേൽ സൈന്യത്തിന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. മധ്യസ്ഥർ മുഖേന യുഎസുമായി നടത്തിവന്നിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവുമാണ് ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്നായിരുന്നു ലെബനൻ അതിർത്തിയിലെ സമാധാനമെന്നും എന്നാൽ ഇസ്രായേൽ എല്ലാ മുന്നണികളിലും ഇത് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.
ഗാസയിലെയും ലെബനനിലെയും ഇസ്രായേലിന്റെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറണമെന്നുമാണ് ഇറാന്റെ ആവശ്യം. ഇക്കാര്യങ്ങളിൽ ഇറാന്റെയും മറ്റ് പ്രതിരോധ സംഘടനകളുടെയും നിലപാടുകൾ അംഗീകരിക്കുന്നത് വരെ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ മേഖലയിൽ കടുത്ത സൈനിക നീക്കങ്ങൾക്കും ഇറാൻ പദ്ധതിയിടുന്നുണ്ട്. ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടുന്നതും ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അൽ-മന്ദബ് ഉൾപ്പെടെയുള്ള മറ്റ് സമുദ്ര മുന്നണികൾ സജീവമാക്കുന്നതും തങ്ങളുടെയും സഖ്യശക്തികളുടെയും അജണ്ടയിലുണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ചെങ്കടലിൽ ഇറാൻ അനുകൂല ഹൂതി വിമതർ നേരത്തെയും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശവും ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രവുമായ ദാഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബെയ്റൂട്ടിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ അമേരിക്കയുമായി ഏകോപിപ്പിച്ചാണ് തയ്യാറാക്കിയതെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.












