ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ അന്ത്യശാസനം, ഉത്തര ഇസ്രായേലിലെ ജനങ്ങൾ ഒഴിഞ്ഞുപോവാൻ മുന്നറിയിപ്പ്; ബെയ്റൂട്ടിൽ ആക്രമണമുണ്ടായാൽ തിരിച്ചടി

ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഇസ്രായേൽ ഭീഷണി യാഥാർഥ്യമായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയാൽ വടക്കൻ ഇസ്രായേലിലെ താമസക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് നിർദേശിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മുന്നറിയിപ്പ് നൽകിയത്.

ബെയ്റൂട്ടിലെ ദാഹിയ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇസ്രായേൽ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ വടക്കൻ ഇസ്രായേലിലെയും അധിനിവേശ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും എത്രയും വേഗം അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ബെയ്റൂട്ടിന് നേരെ ആക്രമണമുണ്ടായാൽ വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ശക്തമായ പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന സൂചനയും ഇറാൻ നൽകി. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ, ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മധ്യസ്ഥർ മുഖേന യുഎസുമായി നടന്നുവരികയായിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവുമാണ് നിർത്തിവെച്ചിരിക്കുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ലെബനൻ അതിർത്തിയിലെ സമാധാനം വെടിനിർത്തൽ ധാരണയുടെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നുവെന്നും, എന്നാൽ ഇസ്രായേൽ എല്ലാ മുന്നണികളിലും അത് ലംഘിച്ചുവെന്നുമാണ് ഇറാന്റെ ആരോപണം.

More Stories from this section

family-dental
witywide