തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു; മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു. കൊല്ലം പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിൽഫ്രഡിന്റെ മകൻ ലെനിൻ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ്. അനിൽകുമാറാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

കഴിഞ്ഞ മെയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വാർഡിൽ 17-ാം നമ്പർ ബെഡിൽ ചികിത്സയിലായിരുന്നു വിൽഫ്രഡ്. മെയ് 30-ന് വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം കട്ടിലിൽ നിന്നും തറയിലേക്ക് കമിഴ്ന്നു വീണത്. വീഴ്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ എത്തി ഇദ്ദേഹത്തെ പരിശോധിച്ചു. വീഴ്ചയെ തുടർന്ന് നില അതീവ ഗുരുതരമായതിനെ തുടർന്ന് അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റുകയായിരുന്നു.

എന്നാൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റി ഒരു മണിക്കൂറിനകം വൈകിട്ട് ആറരയോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ മരണത്തിന് കാരണമായത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. മകന്റെ പരാതിയെ തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 194 പ്രകാരമാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Patient Under Treatment Dies After Falling from Bed at TVM Medical College, Police Register Case

More Stories from this section

family-dental
witywide