
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.ടി. ജലീൽ സി.പി.എമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. സ്വതന്ത്ര പദവി വിട്ട് പാർട്ടിയിൽ ചേർന്ന് സജീവമായി പ്രവർത്തിക്കാനുള്ള തന്റെ താല്പര്യം അദ്ദേഹം സിപിഎം മലപ്പുറം ജില്ലാ നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നാലെ ജലീൽ ഇടതുപാളയം വിടുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ താൻ പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി അംഗത്വമെടുക്കാനുള്ള നിർണായക തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്.
മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ.ടി. ജലീൽ പിന്നീട് യൂത്ത് ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലുമെത്തി. മികച്ച പ്രഭാഷകനും സംഘാടകനുമായി ഉയർന്ന അദ്ദേഹം ലീഗ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു. തുടർന്ന് എൽഡിഎഫ് സ്വതന്ത്രനായി കളംപിടിച്ച ജലീൽ, 2006-ൽ കുറ്റിപ്പുറം മണ്ഡലത്തിൽ ലീഗ് രാഷ്ട്രീയത്തിലെ കരുത്തനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് ചരിത്രവിജയം നേടി ആദ്യമായി നിയമസഭയിലെത്തി.
തുടർന്ന് കുറ്റിപ്പുറത്തുനിന്ന് ഒരു തവണയും തവനൂരിൽനിന്ന് തുടർച്ചയായി മൂന്ന് തവണയും വിജയിച്ച അദ്ദേഹം 20 കൊല്ലത്തോളം നിയമസഭയിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎയായി തിളങ്ങി. 2016-ലെ ഒന്നാം പിണറായി സർക്കാരിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ജോയിയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് ശേഷമുള്ള രാഷ്ട്രീയ വിലയിരുത്തലുകൾക്കൊടുവിലാണ് പാർട്ടി ഔദ്യോഗിക അംഗത്വം സ്വീകരിച്ച് മുന്നോട്ട് പോകാൻ ജലീൽ തീരുമാനിച്ചത്.
Former Minister KT Jaleel Decides to Join CPM, Informs Party Leadership Of His Decision












