
കൊച്ചി: മലപ്പുറത്തെ പ്രസവത്തിനിടെ യുവതി വീട്ടിൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ അസ്മ മരിച്ചത് രക്തം വാർന്നാണ് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് അസ്മയുടെ വീട്ടുകാരുടെ പരാതി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്.
തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെയാണ് നടന്നത്. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നുള്ള കാര്യവും പൊലീസ് കണ്ടെത്തിയിരുന്നു. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.












