വനമേഖലയിലെ ഒഴിപ്പിക്കലിൽ കൊമ്പുകോർത്ത് എംഎം മണിയും മന്ത്രി ഷിബു ബേബി ജോണും, വാക്പോര് രൂക്ഷം

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.എം. മണി രംഗത്തെത്തിയതിന് പിന്നാലെ വനം മന്ത്രി ഷിബു ബേബി ജോണും എം.എം. മണിയും തമ്മിൽ വാക്പോര് രൂക്ഷമായി. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവേയാണ് എം.എം. മണി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും മണി പറഞ്ഞു. തങ്ങൾക്ക് പോലീസ് പുല്ലാണെന്നും പിന്നെയാണോ ഫോറസ്റ്റെന്നും ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും തങ്ങളെ ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കേണ്ടെന്നും വ്യക്തമാക്കി.

എം.എം. മണിയുടെ ഭീഷണി പ്രസംഗത്തിന് പിന്നാലെ രൂക്ഷമായ പരിഹാസത്തോടെയാണ് വനം മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചത്. പ്രായം പരിഗണിച്ച് എം.എം. മണിക്ക് മറുപടി നൽകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മണിക്ക് തന്റെ പേര് പോലും മറന്നുപോകുന്ന അവസ്ഥയാണെന്നും എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുക എന്നത് അദ്ദേഹത്തിന്റെ സ്ഥിരം രീതിയാണെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.

മന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എം.എം. മണി രംഗത്തെത്തി. ഷിബു ബേബി ജോൺ തന്റെ പിതാവിന്റെ പേരിന് തന്നെ അപമാനമാണെന്ന് മണി വിമർശിച്ചു. സാഹചര്യങ്ങൾ കൊണ്ട് മാത്രം മന്ത്രിയായ വ്യക്തിയാണ് അദ്ദേഹമെന്നും കാര്യഗൗരവത്തോടെ ചുമതലകൾ നിർവ്വഹിക്കാൻ അറിയില്ലെന്നും മണി കുറ്റപ്പെടുത്തി. ഇതോടെ വനമേഖലയിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ തലത്തിലും വലിയ പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.

Clash Between MM Mani and Forest Minister Shibu Baby John Over Threat to Forest Officials

More Stories from this section

family-dental
witywide