
വാഷിംഗ്ടൺ: ഇറാനിൽ വൻ ദുരന്തത്തിന് കാരണമായ അമേരിക്കൻ വ്യോമാക്രമണത്തിൽ സ്കൂൾ തകർന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം യുഎസ് സൈനിക കമാൻഡ് മാസങ്ങളായി വൈകിപ്പിക്കുന്നതായി സൂചന. സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായകമാകുന്ന നിർണ്ണായക ഇന്റലിജൻസ് പരിശോധനയ്ക്ക് ഉത്തരവിടാൻ ഉന്നത നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇറാനിലെ മിനാബിലുള്ള ‘ഷജറേ തയ്യിബ’ സ്കൂളിലാണ് അമേരിക്കയുടെ മിസൈൽ പതിച്ചത്. ആക്രമണം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ ഇതിന്റെ പ്രാഥമിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന ആദ്യ രണ്ട് ഘട്ട അന്വേഷണങ്ങൾ പൂർത്തിയായിരുന്നു. ആക്രമണ ലക്ഷ്യം കൃത്യമായിരുന്നോ എന്നും ലക്ഷ്യമിട്ട കെട്ടിടത്തിന് തന്നെയാണോ നാശനഷ്ടം സംഭവിച്ചത് എന്നും സ്ഥിരീകരിക്കുന്നതായിരുന്നു ഈ ഘട്ടങ്ങൾ. മിനാബിലെ സ്കൂൾ തകർത്തതിന് പിന്നിൽ യു.എസ് സൈന്യമാണെന്ന് ഈ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.
എന്നാൽ, നിർണ്ണായകമായ മൂന്നാം ഘട്ട പരിശോധനയ്ക്ക് ഇതുവരെ യു.എസ് സൈന്യം അനുമതി നൽകിയിട്ടില്ല. സാധാരണയായി പ്രതിരോധ ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള വിദഗ്ദ്ധർ നടത്തുന്ന ഈ പരിശോധനയിലൂടെയാണ് ഉപഗ്രഹ ചിത്രങ്ങളും മറ്റ് ഇന്റലിജൻസ് വിവരങ്ങളും സമഗ്രമായി വിശകലനം ചെയ്ത് ആക്രമണം എങ്ങനെയാണ് ദൗത്യത്തെ ബാധിച്ചതെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും കൃത്യമായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഇത്തരം ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ ഈ മൂന്നാം ഘട്ട പരിശോധന നടത്താറുണ്ടെങ്കിലും ജൂലൈ ആദ്യവാരം കഴിഞ്ഞിട്ടും ഈ പ്രക്രിയ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ യു.എസ് സൈന്യത്തിന്റെ നിഷ്പക്ഷമായ അന്വേഷണത്തെക്കുറിച്ചുള്ള സംശയങ്ങൾ കൂടുതൽ ശക്തമാവുകയാണ്.











