വാഷിംഗ്ടൺ: ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പവും ആഗോള സാമ്പത്തിക വെല്ലുവിളികളും നേരിടാൻ പണനയ സമിതി ഉടച്ചുവാർക്കാനൊരുങ്ങി യു.എസ് ഫെഡറൽ റിസർവ്. പുതിയതായി നിയമിതനായ ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ഇതിനായി അഞ്ച് പ്രത്യേക സമിതികൾ രൂപീകരിച്ചു. ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജർ വിവിധ ദൗത്യസംഘങ്ങളിൽ പ്രധാന പങ്ക് വഹിക്കുമെന്നതാണ് ശ്രദ്ധേയം.
സാമ്പത്തിക സ്ഥിരതയിലും പണനയത്തിലും അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രഘുറാം രാജൻ, ഫെഡിന്റെ ‘ബാലൻസ് ഷീറ്റ് പോളിസി ടാസ്‌ക് ഫോഴ്സി’ലാണ് പ്രവർത്തിക്കുക. ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞയായ കാരെൻ ഡൈനാൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെറമി സ്റ്റീൻ എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഫെഡറൽ റിസർവിന്റെ നിലവിലെ ബാലൻസ് ഷീറ്റ് സംവിധാനത്തിന്റെ ചെലവുകൾ, ഗുണങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തുകയാണ് ഇവരുടെ പ്രധാന ചുമതല.
രഘുറാം രാജന് പുറമെ ഹാർവാർഡ് സർവ്വകലാശാല പ്രൊഫസറായ രാജ് ഷെട്ടി, മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എക്‌സ്‌ബോക്‌സ് സി.ഇ.ഒയുമായ ആശാ ശർമ്മ എന്നിവരാണ് മറ്റ് ഇന്ത്യൻ വംശജർ. ഡാറ്റാ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല രാജ് ഷെട്ടി വഹിക്കുമ്പോൾ, ഉത്പാദനക്ഷമതയിലും തൊഴിലവസരങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന സമിതിയിലാണ് ആശാ ശർമ്മ പ്രവർത്തിക്കുക.
മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മെർവിൻ കിംഗ്, നോബൽ സമ്മാന ജേതാവ് തോമസ് സർജന്റ് ഉൾപ്പെടെ ലോകോത്തര വിദഗ്ധരാണ് സമിതിയിൽ അംഗങ്ങളായിരിക്കുന്നത്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട സാമ്പത്തിക സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ഫെഡറൽ റിസർവിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഫലപ്രദമായ നയരൂപീകരണവും കൊണ്ടുവരികയാണ് ഈ നീക്കത്തിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.
US Federal Reserve to Revamp Monetary Policy; Raghuram Rajan Included in Advisory Panel












