മ്യാൻമർ തീരത്തിന് സമീപം റോഹിങ്ക്യൻ അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകൾ മറിഞ്ഞതായി റിപ്പോർട്ട്. അപകടത്തിൽ 500-ലധികം പേർ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഏജൻസികളായ IOM (International Organization for Migration)-ഉം UNHCR- (UN refugee agency) ഉം റിപ്പോർട്ട് ചെയ്യുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാനത്തോടെ മ്യാൻമറിലെ റഖൈൻ സംസ്ഥാനത്ത് നിന്ന് പ്രധാനമായും റോഹിങ്ക്യ അഭയാർഥികളുമായി രണ്ട് ബോട്ടുകൾ യാത്രതിരിച്ചിരുന്നു. ഏകദേശം 250 പേരുമായി പോയ ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തുടങ്ങിയതിന് പിന്നാലെ നഷ്ടമായി. 280 ഓളം പേരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് ആയെയാർവാഡി തീരത്ത് മുങ്ങിയതായാണ് റിപ്പോർട്ടുകൾ.
മൺസൂൺ കാലത്തെ പ്രതികൂല കാലാവസ്ഥയും കടലിലെ അപകടകരമായ സാഹചര്യങ്ങളും യാത്രയെ കൂടുതൽ ദുഷ്കരമാക്കിയതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. സംഭവത്തിൽ മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൻ ജീവഹാനി ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ജൂണ്‍ അവസാനം ഉണ്ടായ അപകടം ഇപ്പോഴാണ് പുറത്തറിയുന്നത്.
ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലും മ്യാൻമറിലും ദുരിതജീവിതം നയിക്കുന്ന റോഹിങ്ക്യൻ അഭയാർഥികൾ സുരക്ഷിതത്വത്തിനായി മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടൽമാർഗം പലായനം ചെയ്യുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് IOM-ഉം UNHCR-ഉം ആവശ്യപ്പെട്ടു.
More than 500 feared dead after reports of boats capsizing off Myanmar












