
ഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (ഡി.ജി.എം.എ) പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം പേർഷ്യൻ ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ഇത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
വർധിച്ചുവരുന്ന യു.എസ്-ഇറാൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൽ നിരവധി വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ യു.എ.ഇ പതാകയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര ഗതാഗതം തടസ്സപ്പെടുത്തുന്നതും നാവികരെ ലക്ഷ്യമിടുന്നതും ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഷിപ്പിങ് കമ്പനികൾ അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ കോഡ് കർശനമായി പാലിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൾഫ് മേഖലയിലെ നിലവിലെ അതീവ സുരക്ഷാ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യൻ നാവികരുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് മാരിടൈം റെഗുലേറ്റർ വ്യക്തമാക്കി. തൽക്കാലം മറു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകളിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ ഒഴിവാക്കുന്ന നടപടി തുടരും.
Avoid Recruiting Indian Sailors for Ships Passing Through Strait of Hormuz: Centre to Ship Owners











