
കാലിഫോര്‍ണിയ: രണ്ട് കാലഘട്ടങ്ങളിലെ കാലിഫോര്‍ണിയയുടെ താരതമ്യ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ പുലിവാല് പിടിച്ച് ടെക്‌സസിലെ 26-ാമത് കോണ്‍ഗ്രഷണല്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍.
1960കളിലെയും ഇന്നത്തെയും കാലിഫോര്‍ണിയ തമ്മിലുള്ള താരതമ്യ ചിത്രത്തിലൂടെ കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ പോസ്റ്റിനാണ് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധഃപതനത്തിന് കാരണമെന്നായിരുന്നു ഗില്‍ ഉദ്ദേശിച്ചത്. വന്‍തോതിലുള്ള കുടിയേറ്റം അമേരിക്കയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റി എന്നായിരുന്നു രണ്ട് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ഗില്‍ കുറിച്ചത്.
California in 1960 vs California today.
— Congressman Brandon Gill (@RepBrandonGill) June 9, 2025
Mass migration has made America unrecognizable. pic.twitter.com/2Ye4zCB4Xa
1960-കളിലെ മനോഹരമായ ഒരു കടല്‍ത്തീര ദൃശ്യവും, മറ്റൊരു ചിത്രത്തില്‍ ഇപ്പോഴത്തെ ലോസ് ആഞ്ചലസ് കലാപത്തിലെ ഒരു ഭയാനക നിമിഷവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പോസ്റ്റ് വന്‍തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഗില്ലിന്റെ ഭാര്യ ഇന്ത്യന്‍ വംശജയാണെന്നും അവരും കുടിയേറ്റക്കാരാണെന്നും കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇന്ത്യന്‍ വംശജയായ ഡാനിയേല്‍ ഡിസൂസയാണ് ഗില്ലിന്റെ ഭാര്യ.