
കീവ്: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കി യുക്രൈനില്‍ റെക്കോർഡ് ഡ്രോൺ ആക്രമണം നടത്തി റഷ്യ. ട്രംപും പുടിനും നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. മൂന്ന് വർഷം നീണ്ട യുദ്ധത്തിലെ ഏറ്റവും മോശം ആക്രമണങ്ങളിലൊന്നാണ് ഇതെന്നാണ് യുക്രേനിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ഈ വലിയ വ്യോമാക്രമണം തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ബാധിച്ചു.
പ്രാദേശിക കീവ് എമർജൻസി സർവീസസിന്റെ കണക്കനുസരിച്ച് രാത്രിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 13 മണിക്കൂർ നീണ്ട ആക്രമണത്തിൽ കുറഞ്ഞത് 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യ അയച്ച 539 ഡ്രോണുകളിൽ 476 എണ്ണവും യുക്രൈൻ തടഞ്ഞതായി രാജ്യത്തിന്‍റെ വ്യോമസേന അറിയിച്ചു. റഷ്യ 11 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായും അവർ പറഞ്ഞു. യുക്രൈന്‍റെ പുതിയ ഇന്‍റർസെപ്റ്റർ ഡ്രോണുകൾ 60 റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ സ്ഫോടനങ്ങളുടെയും ഡ്രോണുകളുടെയും ശബ്ദം അലയടിച്ചപ്പോൾ ആയിരക്കണക്കിന് താമസക്കാർ സബ്‌വേ സ്റ്റേഷനുകളിലും ഭൂഗർഭ പാർക്കിംഗ് സ്ഥലങ്ങളിലുമടക്കം അഭയകേന്ദ്രങ്ങളിൽ രാത്രി ചെലവഴിച്ചു. യുഎസ് പ്രസിഡന്‍റും ട്രംപും പുടിനും തമ്മിലുള്ള ഫോൺ കോളിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന ഏകദേശം അതേ സമയം തന്നെയായിരുന്നു തങ്ങളുടെ നഗരങ്ങളിലും പ്രദേശങ്ങളിലും ആദ്യത്തെ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങിയതെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലെൻസ്കി പറഞ്ഞു. യുദ്ധവും ഭീകരതയും അവസാനിപ്പിക്കാൻ റഷ്യക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













