പതിമൂന്നുകാരന്റെ കയ്യില്‍ ഇത്രയും തോക്കുകളോ ! പോരാത്തതിന് കൂട്ട വെടിവയ്പ്പിനെക്കുറിച്ചുള്ള കുറിപ്പുകളും, ഞെട്ടി യുഎസ് പൊലീസ്

വാഷിംഗ്ടണ്‍: കൂട്ടവെടിവയ്പ്പുകളോട് താത്പര്യവും വെടിവയ്പ്പു പ്രതികളോട് ആരാധനയും പ്രകടിപ്പിച്ച പതിമൂന്നുകാരന്‍ വാഷിംഗ്ടണ്ണില്‍ നിന്നും പിടിയിലായി. കുട്ടിയുടെ വീട്ടില്‍ നിന്നും തോക്കുകളുടെ ഒരു വലിയ ശേഖരവും കൂട്ട വെടിവയ്പ്പുകളെക്കുറിച്ചുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തുവെന്ന് അധികൃതര്‍ പറഞ്ഞു.

കുട്ടി കൂട്ടവെടിവയ്പ്പുനടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും തോക്കുകള്‍ കൈവശമുണ്ടെന്ന് പറഞ്ഞതായും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി. ഇതോടെയാണ് കുട്ടി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് പൊലീസിന് വ്യക്തമായത്. സ്‌കൂളുകളില്‍ വെടിവയ്പ്പു നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കുട്ടിക്ക് അതീവ താത്പര്യമുണ്ടായിരുന്നുവെന്ന് പിയേഴ്സ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടി കാര്‍ലി കാപ്പെറ്റോ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും 23 തോക്കുകള്‍ കണ്ടെത്തിയിരുന്നു – അവയില്‍ പലതും 3D പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ നിര്‍മ്മിച്ച തോക്കുകളാണെന്നും പൊലീസ് സംശയിക്കുന്നു.

കോടതി രേഖകള്‍ പ്രകാരം, സ്‌കൂളില്‍ അക്രമത്തിന് ശ്രമിച്ചതിനും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിനും, നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിലവില്‍ കുറ്റം ചുമത്തിയിട്ടില്ല.

കുട്ടിയുടെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ തോക്കുകള്‍ കൈവശം വച്ചിരിക്കുന്ന ഫോട്ടോകളും, സ്‌കൂള്‍ വെടിവയ്പ്പുകളോടും കൂട്ടക്കൊലകളോടും ആകര്‍ഷണം പ്രകടമാക്കുന്ന സന്ദേശങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. 1999 ലെ കൊളംബൈന്‍ ഹൈസ്‌കൂള്‍ കൂട്ട വെടിവയ്പ്പിനെയും 2022 ലെ ടെക്‌സസിലെ ഉവാള്‍ഡെയിലെ എലിമെന്ററി സ്‌കൂള്‍ കൂട്ട വെടിവയ്പ്പിനെയും പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. കുട്ടി നിലവില്‍ ഒരു സ്‌കൂളിലും ചേര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു, 2021 ല്‍ ഫ്രാങ്ക്‌ലിന്‍ പിയേഴ്സ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിലായിരുന്നു കുട്ടി അവസാനമായി പഠിച്ചത്.

More Stories from this section

family-dental
witywide