
ടെഹ്‌റാൻ: ശത്രുരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന കുറ്റത്തിന് ഇറാനിൽ മൂവായിരത്തിലധികം പേരെ ജുഡീഷ്യറി അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ആകെ 3,292 പേരാണ് ഇത്തരത്തിൽ പിടിയിലായതെന്ന് ഇറാന്റെ ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ വ്യക്തമാക്കി. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ മാധ്യമമായ സ്റ്റുഡന്റ് ന്യൂസ് നെറ്റ്‌വർക്ക് പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റിലായവർക്കെതിരെ ശക്തമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ 1,061 കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, രാജ്യദ്രോഹികളായ നൂറുകണക്കിന് ആളുകളുടെ സ്വത്തുവിവരങ്ങൾ ജുഡീഷ്യറി കണ്ടെത്തുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്നും ജഹാംഗീർ കൂട്ടിച്ചേർത്തു. ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിമതരെയും ഭരണകൂട വിരുദ്ധരെയും അടിച്ചമർത്താൻ ഇറാൻ സാധാരണയായി ഇത്തരം കടുത്ത വകുപ്പുകളാണ് ഉപയോഗിക്കാറുള്ളത്.
അതേസമയം, ഇറാനിലെ കൂട്ട അറസ്റ്റുകൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധകാല സാഹചര്യം എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനാണ് ഇറാന്റെ ശ്രമമെന്ന് കഴിഞ്ഞ മേയ് മാസത്തിൽ ആംനസ്റ്റി മുന്നറിയിപ്പ് നൽകിയിരുന്നു. വിവേചനരഹിതമായ കൂട്ട അറസ്റ്റുകൾ, സുതാര്യമല്ലാത്ത അതിവേഗ വിചാരണകൾ, രാഷ്ട്രീയ പ്രേരിതമായ വധശിക്ഷകൾ, കഠിനമായ തടവുശിക്ഷകൾ, നിയമവിരുദ്ധമായ സ്വത്ത് കണ്ടുകെട്ടൽ എന്നിവയാണ് ഇറാൻ ഭരണകൂടം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു.














