
വാഷിംഗ്ടണ്‍ : സോഷ്യല്‍ മീഡിയയില്‍ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇസ്രയേല്‍ വിരുദ്ധത’ പ്രചരിപ്പിച്ചെന്നും കാട്ടി യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ബദര്‍ ഖാന്‍ സൂരിയെയാണ് പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. ഫോക്‌സ് ന്യൂസാണ് ഇക്കാര്യം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് വിദേശനയത്തിന് എതിരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം വിദ്യാര്‍ത്ഥിയെ നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ അഭിഭാഷകന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ റോസ്ലിനിലുള്ള സൂരിയുടെ വീട്ടില്‍വെച്ചാണ് ഫെഡറല്‍ ഏജന്റുമാര്‍ സൂരിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം സര്‍ക്കാര്‍ ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദര്‍ ഖാന് ഭീകരബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
സൂരിയെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് സ്ഥാപനത്തിന് ഒരു കാരണവും ലഭിച്ചിട്ടില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്നും ഒരു യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.
സൂരി ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ യഹൂദ വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന്‍ പറഞ്ഞത്. ഹമാസിന്റെ മുതിര്‍ന്ന ഉപദേശകന്‍ എന്നു കരുതുന്ന ഭീകരനുമായി അടുത്ത ബന്ധമുണ്ടെന്നും ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ട് പ്രകാരം നാടുകടത്താന്‍ ഉതകുന്നതാണെന്ന് ഇയാള്‍ക്കെതിരെയുള്ള കുറ്റമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് റൂബിയോ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്നും ട്രിഷ്യ വ്യക്തമാക്കി.
ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെയാകെ ഈ സംഭവം ആശങ്കയിലാക്കിയിട്ടുണ്ട്.