അമേരിക്കയിൽ 1 കോടി രൂപ ശമ്പളം; കേൾക്കുന്നതുപോലെ ന്യൂയോർക്കിൽ ആഡംബരജീവിതമല്ലെന്ന് ഇന്ത്യൻ യുവാവ്

ന്യൂയോർക്ക്: അമേരിക്കയിൽ 1 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജ് ലഭിക്കുന്നത് പലർക്കും സ്വപ്ന നേട്ടമായിരിക്കാം. എന്നാൽ, ന്യൂയോർക്ക് നഗരത്തിൽ അത്തരമൊരു ശമ്പളം ലഭിച്ചാലും അത് ഇന്ത്യയിൽ പലരും കരുതുന്നതുപോലെ വലിയ സാമ്പത്തിക സ്വാതന്ത്ര്യം നൽകണമെന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ യുവാവായ യശ് ശർമ്മയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഉയർന്ന ശമ്പളത്തിനൊപ്പം വരുന്ന നികുതിഭാരവും ജീവിതച്ചെലവും അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിൽ 1 കോടി രൂപയുടെ പാക്കേജ് ലഭിച്ചുവെന്ന് കേൾക്കുമ്പോൾ അത് വലിയ തുകയായി തോന്നാം. എന്നാൽ ഫെഡറൽ ടാക്സ്, സ്റ്റേറ്റ് ടാക്സ്, ന്യൂയോർക്ക് സിറ്റി ടാക്സ്, സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ എന്നിവയുൾപ്പെടെ ഏകദേശം 35 മുതൽ 40 ശതമാനം വരെ തുക നികുതിയായി പോകും എന്നാണ് യശ് ശർമ്മ പറയുന്നത്.

ന്യൂയോർക്കിലെ വാടകച്ചെലവും വളരെ ഉയർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു നല്ല പ്രദേശത്ത് താമസിക്കാൻ മാസത്തിൽ 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വാടക നൽകേണ്ടിവരും. അതുകൊണ്ട് ഇന്ത്യയിൽ 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ഒരാൾക്ക് കൂടുതൽ സുഖകരമായ ജീവിതം നയിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. “ന്യൂയോർക്കിലെ 1 കോടി രൂപ പാക്കേജിന്റെ മറുവശം” എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.

ഡോളറിനെ രൂപയാക്കി മാത്രം താരതമ്യം ചെയ്യുന്നത് യാഥാർഥ്യം വ്യക്തമാക്കില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. ജീവിതച്ചെലവും നികുതിയും കൂടി പരിഗണിക്കേണ്ടതുണ്ടെന്നാണ് പലരുടെയും വിലയിരുത്തൽ. അതേസമയം, ന്യൂയോർക്ക് അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണെന്നും രാജ്യത്തെ എല്ലാ നഗരങ്ങളുടെയും സ്ഥിതി ഇതുപോലെയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ജീവിതനിലവാരം ഇപ്പോഴും മികച്ചതാണെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു.

Salary of Rs 1 crore in America; Indian youth says life in New York is not as luxurious as he hears

More Stories from this section

family-dental
witywide