
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലി എസ്‌ജി 513715 എന്ന ടിക്കറ്റിന്. 10 കോടി രൂപയാണ് ബി ആർ 102 സമ്മർ ബമ്പറിന്റ ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹത നേടിയത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ കൂടുതൽ ടിക്കറ്റുകളും വിറ്റഴിഞ്ഞത് പാലക്കാട് ആണ്. ടിക്കറ്റ് വിൽപനയിൽ രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും തൃശൂർ ജില്ലയുമാണ്. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജന്‍സിയില്‍ നിന്നുമാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. എസ് സുരേഷ് ആണ് ഏജന്റ്.
SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും ലഭിക്കും. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. 36 ലക്ഷത്തോളം ടിക്കറ്റുകളാണ് ആകെ വിറ്റതെന്നാണ് കണക്കുകള്‍. മൊത്തം 90 കോടിയാണ് വിറ്റുവരവ്. സമ്മാനത്തുകയും മറ്റ് ചിലവുകളും കഴിഞ്ഞാലും കോടികൾ ഖജനാവിലേക്ക് എത്തും.











