ആറ് സൈനികരുടെ മരണത്തിന് ഇടയാക്കിയ വീഴ്ച: കുവൈറ്റിലെ യു.എസ് താവളത്തിലെ ഡ്രോൺ ആക്രമണത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് മുന്നോടിയായി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി യു.എസ് സൈനികന്റെ വെളിപ്പെടുത്തൽ. കുവൈറ്റിലെ യു.എസ് സൈനിക താവളത്തിലുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മേജർ സ്റ്റീഫൻ റാംസ്ബോട്ടം ആണ് ഉന്നത നേതൃത്വത്തിനെതിരെ യു.എസ് കോൺഗ്രസിൽ വിസിൽബ്ലോവർ പരാതി നൽകിയത്.

കുവൈറ്റിലെ തെക്കൻ വ്യവസായ മേഖലയിലുള്ള പോർട്ട് ഷുവൈബ കമാൻഡ് പോസ്റ്റിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ റാംസ്ബോട്ടം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ സൈനിക നേതൃത്വം അവഗണിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ താവളത്തിൽ ഒരു ഡോക്ടറോ സ്ഥിരമായ പ്രഥമശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ലെന്നും ആകെ ഒരു ആംബുലൻസ് മാത്രമാണ് ലഭ്യമായിരുന്നതെന്നും ഹൗസ്, സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റികൾക്ക് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു. സൈനിക നേതൃത്വത്തിന്റെയും തന്റെയുമടക്കം ഭാഗത്തുനിന്നുണ്ടായ തന്ത്രപരമായ പരാജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ, മാർച്ച് ഒന്നിനായിരുന്നു പോർട്ട് ഷുവൈബയിൽ ഡ്രോൺ ആക്രമണമുണ്ടായത്. ഇറാൻ യുദ്ധത്തിൽ യു.എസ് സൈന്യത്തിന് നേരിട്ട ഏറ്റവും വലിയ ആഘാതങ്ങളിലൊന്നായിരുന്നു ഇത്. അയോവയിലെ ഡെസ് മോയിൻസ് ആസ്ഥാനമായുള്ള 103-ാമത് സസ്റ്റെയിൻമെന്റ് കമാൻഡിലെ ആറ് ആർമി റിസർവ് സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സാർജന്റ് ഫസ്റ്റ് ക്ലാസ് നിക്കോൾ അമോർ (39) മിനസോട്ട, ക്യാപ്റ്റൻ കോഡി ഖോർക്ക് (35) ഫ്ലോറിഡ, ചീഫ് വാറന്റ് ഓഫീസർ 3 റോബർട്ട് മാർസൻ (54) കാലിഫോർണിയ, മേജർ ജെഫ്രി ഒബ്രിയൻ (45) അയോവ, സാർജന്റ് ഫസ്റ്റ് ക്ലാസ് നോവ ടൈറ്റ്ജെൻസ് (42) നെബ്രാസ്ക, സാർജന്റ് ഡെക്ലാൻ കോഡി (20)അയോവ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തയച്ചു. രഹസ്യ വിശദീകരണ യോഗത്തിൽ പങ്കെടുക്കാനും, പോർട്ട് ഷുവൈബയിലെ സുരക്ഷാ വിലയിരുത്തൽ രേഖകൾ കൈമാറാനും നവംബർ 15-ന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണമെന്നും അടുത്ത വർഷം കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ യുദ്ധകാര്യങ്ങളിലെ ഭരണകൂടത്തിന്റെ വീഴ്ചകൾ അന്വേഷിക്കുമെന്നും ബ്ലൂമെന്തൽ വ്യക്തമാക്കി.

അതേസമയം, സൈനികന്റെ ആരോപണങ്ങളോടും താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാൻ പെന്റഗൺ വക്താവ് വിസമ്മതിച്ചു.

Lapses leading to the deaths of six soldiers: Revelations suggest warnings were ignored prior to the drone attack on a U.S. base in Kuwait.

More Stories from this section

family-dental
witywide