
മിനിയാപൊളിസ്: പേര് ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് അമേരിക്കയിൽ സൊമാലി-അമേരിക്കൻ വംശജനായ ഊബർ ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി ആക്രമിച്ചു. മിനസോട്ടയിലെ ഹോപ്കിൻസിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യൂസഫ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ ഹോപ്കിൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
യാത്രക്കാരൻ കാറിൽ കയറിയ ഉടൻ യൂസഫിന്റെ പേര് ചോദിക്കുകയും, “എനിക്ക് ആ പേര് ഇഷ്ടമല്ല” എന്ന് പറഞ്ഞ് ആക്രമിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പിൻസീറ്റിൽ നിന്ന് യൂസഫിന്റെ കഴുത്ത് ഞെരിച്ച ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതി, യൂസഫിനെ അദ്ദേഹത്തിന്റെ തന്നെ വാഹനം ഉപയോഗിച്ച് പലതവണ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു മൈൽ അകലെയുള്ള കുഴിയിൽ നിന്നാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ യൂസഫിനെ കണ്ടെത്തിയത്.
ആക്രമണത്തിൽ യൂസഫിന്റെ രണ്ട് ശ്വാസകോശങ്ങളും തകരുകയും നട്ടെല്ലിനും കാലുകൾക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം, പ്രതി ഇന്ത്യൻ വംശജനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ഹോപ്കിൻസ് പൊലീസ് വക്താവ് അറിയിച്ചു.
യൂസഫിന്റെ ചികിത്സാ സഹായത്തിനായി ആരംഭിച്ച ‘ഗോഫണ്ട്മി’ ക്യാമ്പയിനിലൂടെ ഇതിനോടകം ഏകദേശം 2,50,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. സംഭവത്തിൽ ഊബർ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Somali-American Uber driver brutally beaten in the US after passenger expressed dislike for his name; condition remains critical.















