തെളിവില്ലാതെ പ്രതികൾ രക്ഷപ്പെട്ടാലും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കൈവിടരുത്, നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണം; സുപ്രീം കോടതി

ന്യൂഡൽഹി: കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ പ്രതികളെ വെറുതെവിടുന്ന കേസുകളിലും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇരകളുടെ കുടുംബങ്ങൾക്കുണ്ടായ തീരാനഷ്ടം പരിഹരിക്കപ്പെടാതെ പോകരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

2011-ൽ ഹരിയാനയിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യങ്ങളിൽ, ഇരകൾക്കുള്ള സംരക്ഷണ പദ്ധതികൾ പ്രകാരം കുടുംബങ്ങൾക്ക് സഹായം നൽകുന്നത് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം സാമ്പത്തിക സഹായം നൽകാൻ സാധിക്കുമോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹരിയാനയിലെ ഭിവാനി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

2011 ഏപ്രിൽ 17-ന് ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള റാനില ഗ്രാമത്തിൽ വിധവകളായ ശകുന്തള, സുമൻ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി. വ്യക്തിബന്ധങ്ങളിലുള്ള സംശയത്തെത്തുടർന്ന് ഇവരുടെ അനന്തരവനായ നരേഷും സുഭാഷ് എന്നയാളും ചേർന്ന് ഇരുവരെയും വീടുകളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി പരസ്യമായി വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനെന്ന പേരിലായിരുന്നു ഈ ക്രൂരകൃത്യം.

സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റിലായ പ്രതികളിൽ നരേഷിന് 2013-ൽ ഭിവാനിയിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, നരേഷിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും, ലഭ്യമായ തെളിവുകൾ ശിക്ഷ നിലനിർത്താൻ പര്യാപ്തമല്ലെന്നും വിലയിരുത്തിയ സുപ്രീം കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു.

Even if the accused go free due to a lack of evidence, the families of the victims should not be abandoned; providing compensation should be considered, says the Supreme Court.

More Stories from this section

family-dental
witywide