കലിഫോർണിയ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് ട്രാൻസ്ജെൻഡർ വനിത അത്ലീറ്റുകൾക്ക് വിലക്ക്. വനിതാ ഒളിംപിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നതിൽ നിന്നാണ് ട്രാൻസ്ജെൻഡറുകളെ വിലക്കിയത്. യുഎസ് ഒളിംപിക്, പാരാലിംപിക് കമ്മിറ്റികളുടെതാണ് തീരുമാനം.
യുഎസ് ഒപിസി സിഇഒ സാറ ഹിർഷാൻഡാണ് ട്രാൻസ്ജെൻഡർ വിലക്കിനെ കുറിച്ച് അറിയിച്ചത്. സ്ത്രീകൾക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന സാറ കൂട്ടിചേർത്തു.ഈ നീക്കം വേൾഡ് അത്ലറ്റിക്സ‌്, ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി എന്നിവയുമായി യുഎസിൻ്റെ വിയോജിപ്പുള്ള നിലപാടാണ്.
ട്രാൻസ്ജെൻഡർ അത്ലീറ്റുകൾക്കായി നേരത്തെ അവരുടേതായ നയം രൂപീകരിക്കാൻ ഓരോ കായിക സംഘടനയ്ക്കും അനുവാദമുണ്ടായിരുന്നു. വനിതകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാരെ ഒഴിവാക്കുന്നതായി ഫെബ്രുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അറിയിച്ചിരുന്നു.














