വാഷിംഗ്ടൺ: ട്രംപിൻ്റെ പുതിയ നാടുകടത്തിൽ പദ്ധതിയുടെ ഭാഗമായി യു എസിൽ നിന്ന് എഴുന്നൂറിലധികം ഗ്വാട്ടിമാലൻ കുട്ടികളെ നാടുകടത്താനുള്ള നീക്കത്തിന് ഫെഡറൽ ജഡ്‌ജി സ്റ്റാർക്കിൾ സൂക്നാനൻ താൽക്കാലിക വിലക്കേർപ്പെടുത്തി. കുട്ടികളെ വിമാനങ്ങളിൽ കയറ്റുന്നതിനിടെയാണ് കോടതിയുടെ ഈ ഉത്തരവ് വന്നത്.
യു എസ് സർക്കാർ ഏകദേശം എഴുന്നൂറോളം കുട്ടികളെ നാടുകടത്താൻ രഹസ്യ നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള അടിയന്തര ഇടപെടലിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചും ആശങ്കയുണ്ടെന്ന് ജഡ്‌ജി സൂകാനൻ വൃക്തമാക്കി.
കുടിയേറ്റ അവകാശങ്ങൾക്കായി വാദിക്കുന്ന നിയമസംഘങ്ങൾ നൽകിയ അടിയന്തര ഹർജിയിലാണ് കോടതി ഈ നിർണായക ഉത്തരവിട്ടത്. കുട്ടികൾക്ക് അഭയം തേടാനുള്ള അവകാശവും നിയമപരമായ സഹായവും നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഇത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കോടതി വിധിക്ക് നിലവിൽ 14 ദിവസത്തെ പ്രാബല്യമാണുള്ളത്. കേസിൽ കൂടുതൽ വാദം കേൾക്കാനായി വരും ദിവസങ്ങളിൽ കോടതി വീണ്ടും ചേരും. അതേ സമയം കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യക്കാരെ വീണ്ടും നാടുകടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇതുവരെ 1,700 ലധികം ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയിരിക്കുന്നത്.















