
വാഷിംഗ്ടൺ: യുഎസിലെ ഗ്രീൻ കാർഡ് ഉടമകളായ സ്ഥിരതാമസക്കാർക്ക് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുന്ന നിർണ്ണായക വിധി പ്രസ്താവിച്ച് അമേരിക്കൻ സുപ്രീം കോടതി. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാക്കപ്പെട്ടവർ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോൾ അവരുടെ ഗ്രീൻ കാർഡുകൾ പിൻവലിക്കാനും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. 6–3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഈ വിധി.
ചൈനീസ് പൗരനായ മക് ചോയ് ലാവു എന്ന ഗ്രീൻ കാർഡ് ഉടമയുടെ കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. 2007-ൽ യുഎസിൽ സ്ഥിരതാമസമാക്കിയ ലാവുവിനെതിരെ 2012-ൽ മൂന്ന് ലക്ഷത്തോളം ഡോളറിൻ്റെ വ്യാജ സാധനങ്ങൾ വിറ്റതിന് ന്യൂജേഴ്‌സിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സമയത്ത് ഹ്രസ്വമായ വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ ഇയാളെ ഇമിഗ്രേഷൻ ഓഫീസർമാർ തടയുകയും പരോളിൽ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു.
ഒരു വ്യക്തി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുന്നതിന് മുൻപ്, വെറും കുറ്റാരോപണങ്ങളുടെ മാത്രം പേരിൽ സ്ഥിരതാമസാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന ഫെഡറൽ അപ്പീൽ കോടതിയുടെ മുൻ വിധി സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കുകയായിരുന്നു. ഇമിഗ്രേഷൻ ഓഫീസർമാർക്ക് നടപടിയെടുക്കാൻ ‘വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ’ ആവശ്യമില്ലെന്ന് കോടതി ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.
ജസ്റ്റിസ് ക്ലാരൻസ് തോമസ് എഴുതിയ വിധിപ്രസ്താവം, കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും വിദേശയാത്ര കഴിഞ്ഞെത്തുന്ന ഗ്രീൻ കാർഡ് ഉടമകളെ തടങ്കലിലാക്കാനും നാടുകടത്താനും അതിർത്തി ഉദ്യോഗസ്ഥർക്ക് വിവേചനാധികാരം നൽകുന്നതാണ്. അതേസമയം, ഈ വിധിക്കെതിരെ കോടതിയിലെ വനിതാ ജഡ്ജിയായ ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്സൺ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇമിഗ്രേഷൻ നിയമങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയെഴുതാൻ സർക്കാരിന് ലഭിക്കുന്ന ‘ബ്ലാങ്ക് ചെക്ക്’ ആയിരിക്കും ഈ വിധിയെന്ന് അവർ മുന്നറിയിപ്പ് നൽകി.
നിലവിലെ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വിജയമായി മാറുന്നതാണ് ഈ വിധി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ കർശനമായി നേരിടുക എന്ന ഭരണകൂടത്തിൻ്റെ നയങ്ങൾക്ക് സുപ്രീം കോടതി ഉത്തരവ് വലിയ പിന്തുണയാകും.
Setback for green card holders: Supreme Court allows border officials to deny re-entry to accused persons















