
വാഷിംഗ്ടൺ: ഇറാനിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) നടത്തുന്ന ആണവ പരിശോധനകൾക്ക് അനുമതി നൽകിയില്ലെങ്കിൽ അവരുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ നടക്കുന്ന സാങ്കേതിക ചർച്ചകളുടെ ഭാഗമായി പരിശോധനാ അനുമതി സംബന്ധിച്ച് വാഷിംഗ്ടൺ കൃത്യമായ ഉറപ്പുകൾ നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിലുള്ള മാക് ട്രക്ക്സ് ഫെസിലിറ്റി സന്ദർശിക്കാനെത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പരിശോധനകളുമായി ബന്ധപ്പെട്ട് ഇറാൻ്റെ നിലപാടിനെച്ചൊല്ലി ഉയരുന്ന ആശങ്കകളെ അദ്ദേഹം പൂർണ്ണമായി തള്ളി.
യുഎൻ ആണവ നിരീക്ഷണ സമിതിയുടെ ഇൻസ്പെക്ടർമാരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇറാൻ ഇതിനകം തന്നെ ഇതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ട്രംപ് വാദിച്ചു. പരിശോധനകൾ നടത്താമെന്ന് അവർ 100 ശതമാനവും ഉറപ്പ് നൽകിയിട്ടുള്ളതാണെന്നും, ഇതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ചർച്ചകൾ ഉടനടി റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനകളുടെ സമയക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൃത്യമായ സമയത്ത് ഇൻസ്പെക്ടർമാർ ഇറാനിൽ എത്തുമെന്നും നിലവിൽ യാതൊരു ധൃതിയുമില്ലെന്നും ട്രംപ് മറുപടി നൽകി. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സാമ്പത്തികമായും രാഷ്ട്രീയമായും ദുർബലമായ നിലയിലാണ് ഇറാൻ ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പുതിയ കരാറിലേക്കുള്ള ചർച്ചകൾ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി.
Trump warns Iran that he will withdraw from talks if it stops IAEA nuclear testing















