ഇറാൻ സംഘർഷം: ട്രംപിന് കനത്ത തിരിച്ചടി; യുദ്ധാധികാര പ്രമേയം പാസാക്കി യു.എസ് സെനറ്റ്

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് തടയിടാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ യുദ്ധാധികാര പ്രമേയം (War Powers Resolution) യു.എസ് സെനറ്റ് പാസാക്കി. ഡോണൾഡ് ട്രംപ് ഭരണകൂടം സ്വന്തം നിലയിൽ ആരംഭിച്ച സൈനിക നീക്കങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ യു.എസ് കോൺഗ്രസ് ജാഗ്രത പുലർത്തുന്നതിനിടെയാണ് ട്രംപിന് കനത്ത തിരിച്ചടിയായ ഈ നീക്കം.

ഇറാൻ യുദ്ധം തടയാൻ സെനറ്റ് നടത്തുന്ന പത്താമത്തെ ശ്രമമാണിത്. കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിനൊടുവിൽ 48-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. നിലവിൽ നിയമപരമായ പൂർണ്ണ അധികാരം ഈ പ്രമേയത്തിനില്ലെങ്കിലും, ഇറാൻ വിഷയത്തിൽ ട്രംപ് സ്വീകരിച്ച നയങ്ങളിലും ഉണ്ടാക്കിയ കരാറുകളിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉള്ളിൽത്തന്നെയുള്ള ശക്തമായ ഭിന്നതയും ആശങ്കയുമാണ് ഈ വോട്ടെടുപ്പ് പുറത്തുകൊണ്ടുവരുന്നത്. യു.എസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) ഈ മാസം ആദ്യം തന്നെ പ്രമേയത്തിന് അംഗീകാരം നൽകിയിരുന്നു.

സാധാരണയായി ട്രംപിൻ്റെ നയങ്ങളെ പിന്തുണയ്ക്കാറുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് പ്രമുഖ സെനറ്റർമാർ പാർട്ടി നിലപാട് മറികടന്ന് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ലിസ മുർകോവ്സ്കി (അലാസ്ക), സൂസൻ കോളിൻസ് (മെയ്ൻ), റാൻഡ് പോൾ (കെൻ്റക്കി), ബിൽ കാസിഡി (ലൂസിയാന) എന്നിവരാണ് പ്രമേയത്തെ പിന്തുണച്ചത്. അതേസമയം, ഡെമോക്രാറ്റിക് പാർട്ടി അംഗമായ സെനറ്റർ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

അടുത്തിടെ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ ഉൾപ്പെടെ രണ്ട് പാർട്ടി അംഗങ്ങളുടെ അസാന്നിധ്യവും റിപ്പബ്ലിക്കൻ പക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാൻ കാരണമായി. ഡേവ് മക്കോർമിക്കും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

‘ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ അബദ്ധം’

ട്രംപിൻ്റെ ഇറാൻ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സെനറ്റിലെ ഡെമോക്രാറ്റിക് ലീഡർ ചക് ഷൂമർ ഉന്നയിച്ചത്. “ഭൂരിഭാഗം റിപ്പബ്ലിക്കൻമാരും അമേരിക്കൻ ജനതയ്ക്ക് ഒപ്പമല്ല, മറിച്ച് ട്രംപിൻ്റെ യുദ്ധക്കൊതിക്കൊപ്പമാണ് നിന്നത്. ട്രംപ് വരുത്തിവെച്ച ഈ ചരിത്രപരമായ അബദ്ധത്തിന് അമേരിക്കൻ ജനത വലിയ വില നൽകേണ്ടി വന്നു. യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിദേശനയ ഇടപെടലുകളിലൊന്നായി ഇത് രേഖപ്പെടുത്തപ്പെടും,” ഷൂമർ വ്യക്തമാക്കി.

യുദ്ധ സാമഗ്രികളും ആയുധശേഖരവും പുനഃസ്ഥാപിക്കുന്നതിനായി പെൻ്റഗൺ കോൺഗ്രസിനോട് 80 ബില്യൺ ഡോളറിൻ്റെ അടിയന്തിര ഫണ്ട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സെനറ്റിൻ്റെ ഈ നിർണ്ണായക നീക്കം എന്നത് ശ്രദ്ധേയമാണ്.

Iran conflict: A major setback for Trump; US Senate passes war powers resolution

More Stories from this section

family-dental
witywide