നടൻ അനന്ത് നാഗിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

കന്നഡ സിനിമയിലെ മുതിർന്ന നടൻ അനന്ത് നാഗിന് 2024 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ഈ പരമോന്നത ബഹുമതി. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് പുരസ്കാരമെന്ന് പി.ഐ.ബി വ്യക്തമാക്കി.

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച അനന്ത് നാഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും വൈവിധ്യവും പ്രതിഭയും കന്നഡ സിനിമയിലും ഇന്ത്യൻ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മികച്ച ഒരു കലാകാരന് ലഭിച്ച അർഹമായ അംഗീകാരമാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 2023-ൽ അനന്ത് നാഗ് ബി.ജെ.പിയിൽ ചേർന്നിരുന്നു.

300-ലേറെ കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും സജീവമായിരുന്നു. ആർ.കെ. നാരായണിന്റെ കഥകളെ ആസ്പദമാക്കി നിർമിച്ച ‘മാൽഗുഡി ഡേയ്സ്’ എന്ന പ്രശസ്ത ദൂരദർശൻ പരമ്പരയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘സ്വാതി തിരുനാൾ’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് അഞ്ച് കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Actor Anant Nag Honored With Dadasaheb Phalke Award; PM Modi Extends Congratulations

More Stories from this section

family-dental
witywide