അഭ്യൂഹങ്ങൾ ഇനി വേണ്ട, അഹാനയും നിമിഷ് രവിയും വിവാഹിതരായി; സാക്ഷിയായി ദുൽഖർ, ചിത്രങ്ങൾ പങ്കുവെച്ച് താരം, വൈറൽ

ചലച്ചിത്ര താരം അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. ഞായറാഴ്ച കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് നടി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ കൃത്യമായ സ്ഥിരീകരണമായി.

ചിത്രങ്ങൾക്കൊപ്പം തികച്ചും വൈകാരികമായ ഒരു കുറിപ്പും അഹാന പങ്കുവെച്ചിട്ടുണ്ട്. “20-ൽ കണ്ടുമുട്ടി, 30-ൽ വിവാഹിതരായി. എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, കപ് കേക്ക്, ഇപ്പോൾ ഭർത്താവ്. നിനക്കൊപ്പമായിരിക്കുമ്പോൾ എന്റെ ഹൃദയം ശാന്തമായി സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, ജീവിതകാലം മുഴുവൻ ഒരു ടീമായി മുന്നോട്ടുപോണം” എന്ന് അഹാന കുറിച്ചു. തന്റെ സ്വപ്നവിവാഹം യാഥാർത്ഥ്യമാക്കാൻ സഹായിച്ച ഫോട്ടോഗ്രാഫർമാർ, ഡിസൈനർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവരടങ്ങുന്ന മുഴുവൻ ടീമിനും താരം നന്ദി അറിയിച്ചു.

താരസമ്പന്നമായിരുന്നു വിവാഹച്ചടങ്ങുകൾ. നടൻ ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, അഹാനയുടെ പിതാവും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദുൽഖർ സൽമാന്റെ സാന്നിധ്യത്തിൽ നിമിഷ് അഹാനയെ താലിയണിയിക്കുന്നതിന്റെയും മോതിരം കൈമാറുന്നതിന്റെയും ചിത്രങ്ങൾ അഹാന പങ്കുവെച്ച 20-ഓളം വരുന്ന സ്ലൈഡുകളിലുണ്ട്. സെപ്റ്റംബർ 13-ന് നടന്ന വിവാഹത്തിന്റെ റിസപ്ഷൻ ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടക്കും.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയരംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. പിന്നീട് അഹാന നായികയായ ടൊവിനോ തോമസ് ചിത്രം ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ചതും നിമിഷ് ആയിരുന്നു. നിലവിൽ തെന്നിന്ത്യയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളാണ് നിമിഷ് രവി.

Ahana Krishna Marries Cinematographer Nimish Ravi; Dulquer Salmaan Attends Wedding

More Stories from this section

family-dental
witywide