
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും ഡിജിറ്റൽ പൈറസിക്ക് വഴിയൊരുക്കുകയും ചെയ്ത 4,996 ടെലിഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഓൺലൈൻ പൈറസിക്കെതിരെ രാജ്യവ്യാപകമായി കേന്ദ്ര ഐടി മന്ത്രാലയം നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഭാഗമായാണ് ഈ നടപടി.
സിനിമകളുടെ വ്യാജ പതിപ്പുകൾ തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം-സാംസ്കാരിക സഹമന്ത്രി സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനായി ഭേദഗതി ചെയ്ത ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ കർശനമായ വ്യവസ്ഥകൾ പ്രകാരമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വ്യാജ സിനിമാ പതിപ്പുകൾ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്നും ഇത്തരം നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്നും കേന്ദ്രമന്ത്രി കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളുടെ യോഗത്തിന് ശേഷമാണ് സുരേഷ് ഗോപി പൈറസിക്കും റിവ്യൂ ബോംബിങ്ങിനുമെതിരെ ശക്തമായ നിയമസംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.
Major action against online piracy: Central government closes 4,996 Telegram channels and 1,263 websites; Action sought in Suresh Gopi’s letter















