ആകാശ തീമഴയുടെ ഏഴാം നാള്‍, പിന്‍വാങ്ങാതെ ഇറാനും ഇസ്രയേലും; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ആകാശത്ത് തീമഴ പെയ്യിച്ച് ഭൂമിയില്‍ നാശവും ആശങ്കയും വിതച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നു.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ അമേരിക്കയും പങ്കുചേരുമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ ആക്രമണ പദ്ധതികള്‍ക്ക് താന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ടെഹ്റാന്‍ ആണവ പദ്ധതി ഉപേക്ഷിക്കുമോ എന്നതറിയാന്‍ അന്തിമ ഉത്തരവ് നല്‍കുന്നത് വൈകിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ അമേരിക്കയും ഉടനെപങ്കുചേരുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ചേരണോ വേണ്ടയോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്. ‘എനിക്ക് അത് ചെയ്യാന്‍ കഴിയും. ഞാന്‍ അത് ചെയ്യാന്‍ സാധ്യതയില്ല. അതായത്, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല,’ ട്രംപ് പറഞ്ഞു. മാത്രമല്ല, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഒരു ചര്‍ച്ചക്കായി വാഷിംഗ്ടണിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് ‘അല്‍പം വൈകി’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഫലമായി ഇറാന്‍ സര്‍ക്കാര്‍ വീഴുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും, എന്തും സംഭവിക്കാം.’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, ഇറാന്റെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഇറാനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാഴ്ച ജനീവയില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ആണവ ചര്‍ച്ചകള്‍ നടത്താന്‍ നീക്കം നടത്തുന്നുണ്ട്.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാന്‍ ആദ്യം ഇസ്രയേല്‍ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും യുഎസിന്റെയും ആക്രമണമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പടരുകയും ചെയ്തിരുന്നു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു റെക്കോര്‍ഡ് പ്രസംഗത്തില്‍ ട്രംപിനെ ശാസിക്കുകയും ട്രംപിനെ ശാസിക്കുകയും ചെയ്തു. ‘ഏതെങ്കിലും യുഎസ് സൈനിക ഇടപെടല്‍ ഉണ്ടായാല്‍ തീര്‍ച്ചയായും പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന് അമേരിക്കക്കാര്‍ അറിയണം, ഇറാന്‍ രാഷ്ട്രം കീഴടങ്ങില്ല.’- എന്നും ഖമേനി പറഞ്ഞു.