
വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും അസാധുവാക്കുന്ന നടപടിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാപ്പുകളിൽ ‘ഓട്ടോപെൻ’ ഉപയോഗിച്ചാണ് ഒപ്പിട്ടതെന്ന് ആരോപണമാണ് ട്രംപ് ഉയര്‍ത്തിയിട്ടുള്ളത്. ബൈഡൻ നൽകിയ മാപ്പുകൾ അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെയാണ് നടപ്പാക്കിയതെന്ന് ട്രംപ് അവകാശപ്പെടുന്നത്.
2021 ജനുവരി ആറിന് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ട്രംപ് അനുയായികള്‍ നടത്തിയ ക്യാപ്പിറ്റോള്‍ ഹില്‍ ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങൾക്കും ബൈഡൻ മാപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ മുൻകൂർ മാപ്പ് നൽകുന്നത് എന്നായിരുന്നു ബൈഡൻ പറഞ്ഞിരുന്നത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ മുൻ ഡയറക്ടർ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാൻ വിരമിച്ച ജനറൽ മാർക്ക് മില്ലി എന്നിവര്‍ക്കും മാപ്പ് നല്‍കിയിരുന്നു. ‘മാപ്പ് നല്‍കുന്നതിന് ആവശ്യമായ രേഖകൾ ബൈഡന് വിശദീകരിച്ചു നൽകുകയോ അവ അംഗീകരിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ചെയ്തവർ കുറ്റം ചെയ്തിരിക്കാം. തന്നെയും മറ്റ് നിരപരാധികളെയും രണ്ട് വര്‍ഷം വേട്ടയാടി തയ്യാറാക്കിയ തെളിവുകളെല്ലാം നശിപ്പിച്ചു. അവര്‍ ഉന്നതല അന്വേഷണത്തിന് വിധേയരാണെന്ന് മനസിലാക്കണം. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റായ ജോ ബൈഡന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഒപ്പിട്ട രേഖകൾക്ക് അവർ ഉത്തരവാദികളായിരിക്കാം’- ട്രംപ് വിശദീകരിച്ചു.