ട്രംപിന്‍റെ പുതിയ നീക്കം തിരിച്ചടിയാവുക ഇന്ത്യക്കാർക്ക്; ഒന്നും രണ്ടുമല്ല, പ്രതിവർഷം ഏകദേശം 160 കോടി ഡോളർ നഷ്ടം; പുതിയ ബില്ലിലെ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ: യുഎസ് പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകൾക്കും നികുതി ചുമത്താൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നു. അഞ്ച് ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ബില്‍ യുഎസ് പ്രതിനിധി സഭയിലാണ് നിലവിലുള്ളത്. കൂടുതല്‍ നികുതികള്‍ ചുമത്തി അമേരിക്കയെ സമ്പന്നമാക്കാനുളള പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടികളുടെ ഭാഗമാണ് ഈ നീക്കവും. എച്ച്-1ബി വീസ ഉടമകള്‍ക്കും ഗ്രീൻ കാർഡ് ഉടമകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

യുഎസിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വലിയ തോതിൽ ബാധിക്കുന്നതാണ് ഈ ബിൽ. പ്രതിനിധി സഭയില്‍ ഈ മാസം തന്നെ ബില്‍ വോട്ടിനിടാനുള്ള സാധ്യതയുണ്ട്. ബിൽ പാസാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. പാസായാല്‍ ജൂൺ, ജൂലൈ മാസത്തോടെ നിയമമായി മാറും. യുഎസ് പൗരനാണെങ്കില്‍ ഈ നിബന്ധന ബാധകമാകില്ല. ദി വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. നികുതി ചുമത്തുന്ന തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ അയയ്ക്കുന്ന തുക വളരെ ചെറുതാണെങ്കില്‍ പോലും നികുതി ചുമത്തപ്പെടുന്ന സാഹചര്യമുണ്ട്.

യുഎസിൽ നിന്ന് ഏറ്റവും കൂടുതൽ പണമയയ്ക്കപ്പെടുന്നത് ഇന്ത്യയിലേക്കാണ്. യുഎസിലെ ഇന്ത്യൻ വംശജരായ വ്യക്തികൾ 2023-24 ൽ 3,200 കോടി ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ ഏകദേശം 45 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്. അഞ്ച് ശതമാനം നികുതി ഇന്ത്യൻ പ്രവാസികൾക്ക് പ്രതിവർഷം ഏകദേശം 160 കോടി ഡോളർ നഷ്ടമുണ്ടാക്കും എന്നാണ് കണക്കുകൾ.

More Stories from this section

family-dental
witywide