
വാഷിംഗ്ടണ്‍ : അമേരിക്കയുടെ തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമായെന്ന ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിനു പിന്നാലെ ഏജന്‍സിയുടെ തലവനെ പുറത്താക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍റിനെയാണ് ട്രംപ് പുറത്താക്കിയത്.
തൊഴില്‍ വിപണിയുടെ വളര്‍ച്ച കുറഞ്ഞെന്ന റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച പുറത്തുവന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ തൊഴില്‍ വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ട്രംപിന്റെ നടപടി വന്നത്.
ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാസം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ 73,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കൂടാതെ, മെയ്, ജൂണ്‍ മാസങ്ങളിലെ തൊഴില്‍ കണക്കുകള്‍ 258,000 ആയി കുറച്ചു. ഇതോടെ മെയ് മാസത്തിലെ കണക്കുകള്‍ 19,000 ആയും ജൂണിലെ കണക്കുകള്‍ 14,000 ആയും പുനഃക്രമീകരിച്ചു. ഈ കണക്കുകള്‍ പ്രകാരം, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ തൊഴില്‍ വളര്‍ച്ചയാണ് ജൂണില്‍ രേഖപ്പെടുത്തിയത്.
പ്രതീക്ഷിച്ചതിലും ദുര്‍ബലമായ തൊഴില്‍ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ താരിഫ് നയങ്ങളെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതോടെ തെറ്റായ വിവരമാണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു ട്രംപ് ആരോപിച്ചത്. ഏജന്‍സിയുടെ തലപ്പത്തുണ്ടായിരുന്ന മക്എന്റാര്‍ഫര്‍റിനെ പുറത്താക്കുമെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെ അറിയിച്ച ട്രംപ് ” തെളിവുകളില്ലാതെ – രാഷ്ട്രീയ കാരണങ്ങളാല്‍ കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചു” എന്നും ആരോപിച്ചു. മക്എന്റാര്‍ഫറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ‘കമലയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍’ അവര്‍ ആഗ്രഹിച്ചതുകൊണ്ടാണിതെന്നും ട്രംപ് ആരോപിച്ചു
എന്നാല്‍, തെറ്റായ റിപ്പോര്‍ട്ടല്ല പുറത്തുവന്നതെന്ന് എറിക്ക പ്രതികരിച്ചു. താന്‍ കമ്മീഷണറായിരുന്ന സമയത്തെ ‘തന്റെ ജീവിതത്തിന്റെ ബഹുമതി’ എന്നാണ് അവര്‍ വിളിച്ചത്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ ‘സുപ്രധാനവും പ്രധാനപ്പെട്ടതും’ എന്നും അവര്‍ വിശേഷിപ്പിച്ചു.















