‘സദാ ഊർജ്ജസ്വലൻ, അസാധാരണമാം വിധം ആരോഗ്യവാൻ, ട്രംപിൻ്റെ ഹൃദയത്തിനുപോലും പ്രായക്കുറവ്’ – പതിവു പരിശോധനയ്ക്കു പിന്നാലെ വൈറ്റ്ഹൌസ് ഡോക്ടർ

വാഷിംഗ്ടൺ: പതിവു പരിശോധനയ്ക്കുപിന്നാലെ 79 കാരനായ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആരോഗ്യനില ‘അസാധാരണമാം വിധം മികച്ചതാണെന്ന് ഡോക്ടർ. വെള്ളിയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രസിഡന്റ് പതിവ് പരിശോധനയ്ക്ക് വിധേയനായിരുന്നു. വൈറ്റ് ഹൗസിലെ ഡോ. സീൻ ബാർബറല്ല വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ കത്തിലാണ് ട്രംപിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം തള്ളിയത്.

സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം വിപുലമായ പരിശോധനകളാണ് നടത്തിയതെന്നും ട്രംപ് പൂർണ ആരോഗ്യവാനാണെന്നും ഇമേജിംഗ്, ലാബ് പരിശോധന, പ്രതിരോധ ആരോഗ്യ വിലയിരുത്തലുകൾ എന്നിവയും നടത്തിയെന്നും ഡോക്ടർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി ട്രംപിൻ്റെ ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നു. കയ്യിലെ നിറ വ്യത്യാസവും കാലിലെ നീരും ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപിൻ്റെ കൈയിലെ പാടുകൾ ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മേക്കപ്പ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വലതുകയ്യിലെ വലിയ കറുത്ത പാട് മേക്കപ്പിട്ട് മറച്ചുവയ്‌ക്കുകയോ ഇടതുകൈകൊണ്ടു മറച്ചുപിടിക്കുകയോ ചെയ്യുന്ന ട്രംപിൻ്റെ ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

“പ്രസിഡന്റ് ട്രംപ് മികച്ച ആരോഗ്യം പ്രകടിപ്പിക്കുന്നത് തുടരുന്നു,” ബാർബറല്ല റിപ്പോർട്ടിൽ എഴുതി. “അദ്ദേഹത്തിന്റെ ഹൃദയാരോഗ്യം മികച്ചനിലയിലാണെന്നും സദാ ഊർജ്ജസ്വലതമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രായത്തേക്കാൾ ഏകദേശം 14 വയസ്സ് കുറവാണ് ഹൃദയത്തിനെന്നും ഡോക്ടർ വ്യക്തമാക്കി. മറ്റ് നിയന്ത്രണങ്ങളില്ലാതെയാണ് ട്രംപ് ഇപ്പോൾ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതെന്നും ഡോക്ടറുടെ റിപ്പോർട്ടിലുണ്ട്.

വരാനിരിക്കുന്ന അന്താരാഷ്ട്ര യാത്രയ്ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി വാർഷിക ഇൻഫ്ലുവൻസ, പുതുക്കിയ കൊവിഡ് ബൂസ്റ്റർ വാക്സിനേഷനുകൾ എന്നിവയുൾപ്പെടെ പ്രതിരോധ കുത്തിവെല്ലുകളും ആരോഗ്യ പരിശോധനകളും ട്രംപിന് ലഭ്യമായി. ട്രംപ് അസാധാരണമായ ആരോഗ്യത്തോടെ തുടരുന്നു, ശക്തമായ ഹൃദയ, ശ്വാസകോശ, നാഡീ, ശാരീരിക പ്രകടനം പ്രകടിപ്പിക്കുന്നു” എന്നും ഡോക്ടർ അറിയിച്ചു. ജനുവരിയിൽ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ട്രംപിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.

More Stories from this section

family-dental
witywide