ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. നേരത്തെ സർക്കാരും മുഖ്യമന്ത്രിയും പ്രോസിക്യൂഷൻ അനുമതി തേടി രാജ്ഭവന് കൈമാറിയ ഫയലിലാണ് പുതിയ ഗവർണറുടെ സുപ്രധാന തീരുമാനമുണ്ടായത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്ത് സമർപ്പിച്ച ഫയലിൽ, വിഷയം പഠിക്കുകയാണെന്ന നിലപാടെടുത്ത് അദ്ദേഹം സ്ഥാനമൊഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് ചുമതലയേറ്റ ഗവർണർ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നൽകിയത്.
ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ ഔദ്യോഗികമായി പ്രതിചേർക്കാനും ചോദ്യം ചെയ്യൽ, അറസ്റ്റ് അടക്കമുള്ള തുടർ നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കുന്നതിനാണ് അനുമതി തേടിയിരുന്നത്.
കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രാജ്ഭവന്റെ പ്രോസിക്യൂഷൻ അനുമതി തേടാൻ തീരുമാനിച്ചത്.
മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങിയ ഗുരുതരമായ വീഴ്ചകൾക്കൊപ്പം ജി.എസ്.ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്.
Football Sponsorship Fraud Over Messi’s Kerala Visit: Governor Grants Sanction to Prosecute Former Minister V. Abdurahiman











