
വാഷിങ്ടന്‍: ദുര്‍ബലമായ തൊഴില്‍ ഡാറ്റയാണ് അമേരിക്കയിലുള്ളതെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടു പുറത്തുവിട്ടതിനു പിന്നാലെ പണി പോയ എറിക്ക മക്എന്റര്‍ഫറെയ്ക്ക് പകരം ഇ.ജെ. ആന്റണി, ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ബിഎല്‍എസ്) തലവനാകാന്‍ സാധ്യത. ഇ.ജെ. ആന്റണിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് നാമനിര്‍ദ്ദേശം ചെയ്തത്. യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ദ്ധനായ ഇ.ജെ. ആന്റണി ഹെറിറ്റേജ് ഫൗണ്ടേഷനിലെ ഫെഡറല്‍ ബജറ്റ് അനലിസ്റ്റാണ്.
തന്റെ ഭരണത്തില്‍ സമ്പദ്വ്യവസ്ഥ കുതിച്ചുയരുകയാണെന്നും, ആന്റണി പുറത്തുവിടുന്ന കണക്കുകള്‍ സത്യസന്ധവും കൃത്യവുമായിരിക്കുമെന്നും ട്രംപ് വാദിച്ചു. അമേരിക്കയുടെ മോശം തൊഴില്‍ കണക്കുകള്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ട്രംപ് ബിഎല്‍എസ് കമ്മീഷണര്‍ എറിക്ക മക്എന്റര്‍ഫറെ പുറത്താക്കിയത്. ഉയര്‍ന്ന തീരുവയും ട്രംപിന്റെ നയങ്ങളുമാണ് തൊഴില്‍ വളര്‍ച്ചയെ ബാധിച്ചതെന്നുകാട്ടി സാമ്പത്തിക വിദഗ്ദ്ധരുടെയടക്കം രൂക്ഷ വിമര്‍ശനം ട്രംപിന് നേരിടേണ്ടി വന്നിരുന്നു.
അസേമയം, സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആന്റണിയാകട്ടെ, ബിഎല്‍എസ്സിന്റെ കണക്കുകള്‍ തെറ്റാണെന്ന് വിമര്‍ശിച്ച് ട്രംപിന് പിന്തുണ നല്‍കിയിരുന്നു. ട്രംപിന്റെ ഈ നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകും.













