സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്; ഗൾഫ് രാജ്യങ്ങൾ മറുപടി പറയണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം, പരമാധികാരം സംരക്ഷിക്കുമെന്നും പ്രഖ്യാപനം

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി രംഗത്ത്. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും അക്രമങ്ങൾക്കുമെതിരെ സ്വയം പ്രതിരോധിക്കാനും ഇറാന് പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ രൂക്ഷമായി വിമർശിച്ചു.

ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന തെക്കൻ അയൽരാജ്യങ്ങൾ (ഗൾഫ് രാജ്യങ്ങൾ) ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ബഗായി വ്യക്തമാക്കി. ഏതൊരു അധിനിവേശത്തിനും കുറ്റകൃത്യങ്ങൾക്കും എതിരെ നിയമപരമായി സ്വയം പ്രതിരോധിക്കാനുള്ള ഇറാന്റെ അവകാശം അവിടുത്തെ സൈനിക ശേഷി ഉറപ്പുനൽകുന്നുണ്ടെന്ന് എല്ലാവരും തിരിച്ചറിയണം. ഇത് മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തുന്ന യുദ്ധത്തിനിടയിലും, ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങൾക്കും ഗതാഗത സംവിധാനങ്ങൾക്കും നേരെ ഇറാന്റെ സൈന്യം നിരന്തരമായി ആക്രമണങ്ങൾ നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ അമേരിക്കയെ പിന്തുണയ്ക്കുന്ന ഗൾഫ് രാജ്യങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide