‘യുക്രൈൻ യുദ്ധത്തിലെ ചർച്ചകൾ പുരോഗമിക്കണമെങ്കിൽ ആദ്യം…’; വിഷയത്തിൽ നിലപാട് വ്യക്തമാക്കി ട്രംപ്

അബുദാബി: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കണമെങ്കിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി താൻ കൂടിക്കാഴ്ച നടത്തേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎഇയിൽ നിന്നുള്ള വിമാനം പുറപ്പെടുന്നതിന് മുമ്പ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുടിനും താനും കൂടിക്കാഴ്ച നടത്തും. അതോടെ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. അല്ലെങ്കിൽ പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ കുറഞ്ഞത് നമുക്കത് അറിയാൻ കഴിയും എന്ന് ട്രംപ് പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശന വേളയിലും ട്രംപ് സമാനമായ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.
പുടിനുമായുള്ള കൂടിക്കാഴ്ച എപ്പോഴാണ് നടക്കുക എന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിവരങ്ങൾ നൽകിയില്ല.

അതേസമയം, തുർക്കിയിൽ വെച്ച് നടക്കുന്ന യുക്രൈൻ സമാധാന ചർച്ചക്ക് പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇസ്താംബൂളിൽ വെച്ച് യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് പുടിൻ ഞായറാഴ്ച നിർദേശിച്ചിരുന്നു. 2022ൽ ചർച്ചകൾ അവസാനിപ്പിച്ചത് റഷ്യയല്ല. അത് കീവ് ആയിരുന്നു. എന്നിരുന്നാലും, മുൻകൂർ ഉപാധികളില്ലാതെ കീവ് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു എന്ന് പുടിൻ പറഞ്ഞു.എന്നാൽ ബുധനാഴ്ച രാത്രിയോടെ പുടിൻ സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. പകരം വ്ലാദിമിർ മെഡിൻസ്‌കി നയിക്കുന്ന സംഘമാവും ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിക്കുക.

More Stories from this section

family-dental
witywide