ബ്രിക്‌സിന്റെ ‘അമേരിക്കൻ വിരുദ്ധ നയങ്ങളെ’ പിന്തുണയ്ക്കുന്നവർക്ക് 10% അധിക തീരുവ ; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍ : ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങളെ’ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10% അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സില്‍ ഇന്ത്യയുള്‍പ്പെടെ അംഗങ്ങളായിരിക്കെ ട്രംപിന്റെ പുതിയ ഭീഷണി ഇന്ത്യയേയും ബാധിക്കും. അതേസമയം, എന്താണ് ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍’ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

‘ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ എഴുതി.

ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഉച്ചകോടി ഇന്നു സമാപിക്കും.

ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം. കൂടാതെ, യുഎസിന്റെ പേര് പരാമര്‍ശിക്കാതെ, വിവേചനരഹിതമായ താരിഫ് വര്‍ധനയെയും ബ്രിക്സ് കൂട്ടായ്മ വിമര്‍ശിച്ചിരുന്നു. അത്തരം നടപടികള്‍ ആഗോള വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യുമെന്നും ബ്രിക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.

2009 ല്‍ സ്ഥാപിതമായ ബ്രിക്‌സ്, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയെ ഒന്നിപ്പിച്ചു, പിന്നീട് ദക്ഷിണാഫ്രിക്കയും ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് വികസിച്ചു.

അതേസമയം, പുതിയ താരിഫ് നിയമങ്ങളും പുതുക്കിയ വ്യാപാര കരാര്‍ നിബന്ധനകളും വിശദീകരിച്ചുകൊണ്ട് യുഎസ് ഭരണകൂടം ഇന്ന് രാത്രി മുതല്‍ ഔദ്യോഗിക കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് ട്രംപ് മറ്റൊരു സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ആദ്യ സെറ്റ് കത്തുകള്‍ രാത്രി 9:30 (ഇന്ത്യന്‍ സമയം) മുതല്‍ വ്യക്തിഗത രാജ്യങ്ങള്‍ക്ക് അയയ്ക്കും.

‘ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് താരിഫ് കത്തുകള്‍, അല്ലെങ്കില്‍ ഡീലുകള്‍, ജൂലൈ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതല്‍ വിതരണം ചെയ്യുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി! അദ്ദേഹം എഴുതി.

More Stories from this section

family-dental
witywide