
അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നു. കോടികളുടെ സാമ്പത്തിക തിരിമറി നടന്ന പശ്ചാത്തലത്തിലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ യുപി സർക്കാർ നീക്കം തുടങ്ങിയത്. അതേസമയം, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച ട്രസ്റ്റിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത് സുതാര്യമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഈ സാഹചര്യത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേസിൽ രാമക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ നടപടി ആവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചമ്പത് റായിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും കേസിലെ പ്രതിയായ തന്റെ സഹോദരൻ ടിന്നു യാദവിനെ ബലിയാടാക്കുകയായിരുന്നെന്നും സഹോദരൻ ദിനേഷ് യാദവ് ആരോപിച്ചു. നിലവിൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട പണമോ ആഭരണങ്ങളോ എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്താൻ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതികളിലൊരാളായ ലവ് കുശ് മിശ്ര അയോധ്യയിൽ നിർമ്മിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വീട് ഇടിച്ചുനിരത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ട്രസ്റ്റ് യോഗം ചേരാനിരിക്കെ, പ്രധാനമന്ത്രിയും ആർഎസ്എസ് നേതൃത്വവും ക്ഷേത്ര ട്രസ്റ്റിന്റെ പുനസംഘടനയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. കൂടുതൽ ആത്മീയ നേതാക്കളെ ഉൾപ്പെടുത്തി ട്രസ്റ്റ് പുനസംഘടിപ്പിക്കാനാണ് നിലവിലെ നീക്കം.
Ayodhya Temple Scam: UP Government Likely to Hand Over Case to CBI; Congress Demands Supreme Court-Monitored Probe











