അടുത്ത മാസം ട്രംപ് ദക്ഷിണ കൊറിയിലേക്ക്, ചൈനീസ് പ്രസിഡന്റിനെ കാണും; ഉലയുന്ന ബന്ധം തിരിച്ചുപിടിക്കാന്‍ ശ്രമം

വാഷിംഗ്ടണ്‍: അടുത്ത മാസം ദക്ഷിണ കൊറിയ സന്ദര്‍ശിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. ജിയോങ്ജു നഗരത്തില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

തീരുവ പോര് കടുപ്പിച്ചതിനു പിന്നാലെ യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതുകൊണ്ടുതന്നെ ഷിയുമായി അടുക്കാനുള്ള നീക്കമായി ട്രംപിന്റെ കൂടിക്കാഴ്ച മാറും.

സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചകോടിയുടെ ഭാഗമായി ട്രംപും ഷിയും തമ്മിലുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ച വൈറ്റ് ഹൗസ് പരിഗണിക്കുന്നുണ്ട്. വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ക്ക് ചര്‍ച്ചകള്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും നടത്തിയ ഒരു ഫോണ്‍ കോളില്‍, ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും ചൈന സന്ദര്‍ശിക്കാന്‍ ഷി ക്ഷണിച്ചിരുന്നു.

അടുത്തിടെ നടന്ന ഒരു കൂടിക്കാഴ്ചയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ് ട്രംപിന് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം നല്‍കിയിരുന്നു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല, എന്നാല്‍, അവസരം ലഭിച്ചാല്‍ കിമ്മിനെ വീണ്ടും കാണാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

Also Read

More Stories from this section

family-dental
witywide