
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ ധനകാര്യ മാനേജ്‌മെൻ്റിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാണിക്കുന്ന 2024-25 വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. ബജറ്റിന് പുറത്തുള്ള വായ്പകൾ സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് നയിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്.
കിഫ്ബി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിഎന്നിവ വഴി ബജറ്റിന് പുറത്തുനിന്നും നടത്തിയ കടമെടുപ്പുകൾ സംസ്ഥാനത്തിന് 39,230 കോടി രൂപയുടെ വൻ ബാധ്യത വരുത്തിവെച്ചു. റവന്യൂ കമ്മിയും ധനക്കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി വകമാറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്തിൻ്റെ റവന്യൂ ചെലവിൻ്റെ 64.40 ശതമാനവും മൊത്തം വരവിൻ്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാനാണ് ഉപയോഗിക്കുന്നത്. വരവിൽ 0.30 ശതമാനത്തിൻ്റെ നേരിയ വളർച്ച മാത്രമുള്ളപ്പോൾ ചെലവ് 8.97 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിൻ്റെ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്തിൻ്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നിട്ടുണ്ട്. തുടർച്ചയായി ഇത്തരത്തിൽ കടമെടുക്കുന്നത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറയെ തകർക്കുമെന്നും വരും വർഷങ്ങളിൽ പലിശയിനത്തിൽ മാത്രം ഭീമമായ തുക നൽകേണ്ടി വരുമെന്നും സിഎജി ഓർമ്മിപ്പിക്കുന്നു
Serious lapses in the previous government’s financial management; KIIFB and pension company are heavily liable, says CAG report















