
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന “അമേരിക്ക പ്രെയ്സ്” എന്ന പുതിയ പദ്ധതി ഇന്ന് പ്രഖ്യാപിക്കുമെന്ന് യഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി.സിയിലെ മ്യൂസിയം ഓഫ് ദി ബൈബിളിൽ നടക്കുന്ന ചടങ്ങിൽ വെച്ചായിരിക്കും പ്രഖ്യാപനം.
രാജ്യം സ്ഥാപിതമായതിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളായി പ്രതിവാര പ്രാർത്ഥനകൾ നടത്താൻ ഈ പദ്ധതി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
“ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ 250-ാം വാർഷികത്തോട് അടുക്കുമ്പോൾ, നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പ്രസിഡന്റ് ട്രംപ് അമേരിക്കക്കാരെ ക്ഷണിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ അമേരിക്ക കൂടുതൽ ശക്തമാണ്,” വൈറ്റ് ഹൗസ് വക്താവ് ടെയ്ലർ റോജേഴ്‌സ് പറഞ്ഞു.
മെയ് മാസത്തിൽ ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ വഴി സ്ഥാപിച്ച റിലീജിയസ് ലിബർട്ടി കമ്മീഷന്റെ യോഗത്തിനിടെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. മുൻ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു.
2017-ൽ തുറന്ന മ്യൂസിയം ഓഫ് ദി ബൈബിൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. വാഷിംഗ്ടണിലെ പ്രധാന സ്മിത്സോണിയൻ മ്യൂസിയം ശൃംഖലയുമായി ഇതിന് ബന്ധമില്ല. സ്മിത്സോണിയൻ സ്ഥാപനങ്ങളിൽ നിന്നും നാഷണൽ ഗാലറി ഓഫ് ആർട്ടിൽ നിന്നും വ്യത്യസ്തമായി ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.
തന്റെ ഭരണകൂടം എതിർപ്പ് പ്രകടിപ്പിച്ച പരിപാടികളെയും പ്രദർശനങ്ങളെയും കുറിച്ച് പഠിക്കാൻ സ്മിത്സോണിയൻ സ്ഥാപനങ്ങൾക്ക് ഉത്തരവിട്ടതിന് ശേഷം ട്രംപ് ആദ്യമായി ഒരു മ്യൂസിയം സന്ദർശിക്കുന്നത് ഇതാദ്യമാണ്.















