ട്രംപിന്‍റെ മുൻ അഭിഭാഷക അലീന യു എസ് അറ്റോർണിയായി നിയമവിരുദ്ധമായി സേവനമനുഷ്ഠിച്ചു; വിധിച്ച് കോടതി

ന്യൂജേഴ്സി: ഡോണൾഡ് ട്രംപിന്‍റെ മുൻ അഭിഭാഷക അലീന ഹബ്ബ ന്യൂജേഴ്സിയിലെ ആക്ടിംഗ് യു എസ് അറ്റോർണിയായി നിയമവിരുദ്ധമായി സേവനമനുഷ്ഠിച്ചതായി യു എസ് ചീഫ് ഡിസ്ട്രിക്റ്റ് ജഡ്ജി മാത്യു ബ്രാൻ വിധിച്ചു. അലീന ഹബ്ബയുടെ ഇടക്കാല കാലാവധി ജൂലൈയിൽ അവസാനിച്ചിട്ടും, സെനറ്റിന്‍റെ അംഗീകാരം ആവശ്യമുള്ള തസ്തികയിൽ അവരെ നിലനിർത്താൻ ട്രംപ് ഭരണകൂടം സ്വീകരിച്ച നീക്കങ്ങൾ ഫെഡറൽ നിയമത്തിന് വിരുദ്ധമാണെന്ന് ജഡ്ജി കണ്ടെത്തി.

ജൂലൈക്ക് ശേഷം ഹബ്ബയുടെ എല്ലാ പ്രവർത്തനങ്ങളും അസാധുവായി പ്രഖ്യാപിക്കാം എന്നും എന്നാൽ വിധി നടപ്പാക്കുന്നത് അപ്പീൽ നൽകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഹബ്ബയുടെ 120 ദിവസത്തെ ഇടക്കാല കാലാവധി അവസാനിച്ചതിന് ശേഷം അവർക്ക് തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് ന്യൂജേഴ്സിയിലെ പ്രതികൾ ഉന്നയിച്ച വെല്ലുവിളികളെ തുടർന്നാണ് ഈ വിധി.
മാർച്ചിൽ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഹബ്ബ, തന്‍റെ രാഷ്ട്രീയപരമായ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ഡെമോക്രാറ്റിക് സെനറ്റർമാരിൽ നിന്ന് എതിർപ്പ് നേരിട്ടതിനാൽ അവരുടെ ഔദ്യോഗിക നിയമനം വൈകി.

ഹബ്ബയ്ക്ക് പകരം ഒരു പ്രൊസിക്യൂട്ടറെ നിയമിക്കാൻ ഫെഡറൽ ജഡ്ജിമാർ ശ്രമിച്ചെങ്കിലും, സെനറ്റിന്‍റെ എതിർപ്പ് അവഗണിച്ച് ട്രംപ് ഭരണകൂടം ഹബ്ബയെ വീണ്ടും നിയമിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ പ്രസിഡന്‍റുമാർക്ക് സെനറ്റിന്റെ മേൽനോട്ടത്തെ പൂർണ്ണമായും മറികടക്കാൻ കഴിയുമെന്ന് ജഡ്ജി ബ്രാൻ മുന്നറിയിപ്പ് നൽകി. ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ട്രംപിന്‍റെ ഭരണകാലത്ത് നടത്തിയ സമാനമായ മറ്റ് നിയമനങ്ങളെക്കുറിച്ചും ഈ വിധി കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

More Stories from this section

family-dental
witywide