യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തേണ്ട സമയമായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തയാറാകുന്നില്ലെന്നും റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്കു നേരെയുള്ള യുക്രെയ്ൻ ആക്രമണങ്ങളാണ് ഡീസൽ വില ഉയരാൻ കാരണമെന്നും ട്രംപ് ആരോപിച്ചു. യുക്രെയ്‌നിന് കരാറിലെത്താൻ കഴിയുന്ന പുതിയ നേതാവിനെ ആവശ്യമാണെന്ന് വൈറ്റ് ഹൗസിൽനിന്ന് ടെന്നസിയിലേക്ക് പുറപ്പെടുന്നതിനിടെ ശനിയാഴ്ചയാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
2022ൽ താൻ യുഎസ് പ്രസിഡന്റായിരുന്നെങ്കിൽ റഷ്യയുടെ അധിനിവേശം ആരംഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.യുദ്ധത്തിൽ യുക്രെയ്‌നിന് രാജ്യത്തിന്റെ 30 ശതമാനം ഭൂഭാഗം നഷ്ടമായെന്നും ഇരുരാജ്യങ്ങളിലുമായി 20 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടെന്നുമാണ് ട്രംപിന്റെ വാദം. ഡീസൽ വില ഉയരുന്നത് അമേരിക്കൻ കർഷകരെയും ബാധിക്കുന്നുണ്ടെന്നും സെലൻസ്കി ലോകത്തിന് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, സെലൻസ്കിക്ക് യുക്രെയ്ൻ ജനതയുടെ പിന്തുണയുണ്ടെന്നും രാജ്യത്തിന്റെ നേതാവിനെ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. സെലൻസ്കിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ ഡീസൽ കരാറിനെ സെലൻസ്കി വിമർശിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. റഷ്യ ഉടൻ 3 ലക്ഷം ടണ്ണിലധികം ഡീസലും നവംബറിൽ 5 ലക്ഷം ടണ്ണും തുടർന്ന് 10 ലക്ഷം ടണ്ണും വിതരണം ചെയ്യുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുടെ ശുദ്ധീകരണശാലകളുടെ സാഹചര്യം അനുകൂലമായാൽ അധികമായി 30 ലക്ഷം ടൺ ഡീസൽ കൂടി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്ന എണ്ണ-പ്രകൃതിവാതക വരുമാനം തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധ നിയമത്തിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ട്രംപ് ഇപ്പോൾ റഷ്യൻ ഡീസൽ കയറ്റുമതിക്ക് ഇളവ് നൽകുന്നതാണ് വിവാദമായത്. റഷ്യൻ ഡീസൽ ആഗോള വിപണിയിലെത്തിക്കാൻ ഊർജമേഖലയിലെ ഉപരോധങ്ങൾ താൽക്കാലികമായി ഒഴിവാക്കുമെന്ന് യുഎസ് ട്രഷറി വകുപ്പും അറിയിച്ചു. കരാർ റഷ്യയുടെ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുമെന്ന് സെലൻസ്കി ആരോപിച്ചു. കൂടുതൽ പേരെ കൊല്ലാനും യുദ്ധം തുടരാനും റഷ്യയ്ക്ക് ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കരാറിനെ വിമർശിച്ചു. കരാർ ഉടൻ റദ്ദാക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ യുദ്ധസംവിധാനത്തിന് അമേരിക്ക സഹായം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, യുക്രെയ്‌നിലെ സപൊറീഷ്യ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങൾക്കു നേരെയായിരുന്നു റഷ്യൻ വ്യോമാക്രമണം. കീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ നാലുപേർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ച് നാലര വർഷത്തിലേറെയായിട്ടും യുദ്ധം തുടരുകയാണ്.
കഴിഞ്ഞ നാലു ദിവസത്തിനിടെ റഷ്യൻ ആക്രമണങ്ങളിൽ 60ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡീസൽ കയറ്റുമതിക്കുള്ള ഉപരോധത്തിൽ ഇളവ് നൽകിയതിന് പിന്നാലെ സപൊറീഷ്യയിലെ ജനവാസകേന്ദ്രങ്ങളിൽ അഞ്ച് ഗ്ലൈഡ് ബോംബുകൾ വർഷിച്ചാണ് റഷ്യ പ്രതികരിച്ചതെന്ന് സെലൻസ്കി ആരോപിച്ചു. സമ്മർദത്തിൽ ഇളവ് നൽകുന്നത് യുദ്ധം തുടരാൻ റഷ്യയെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Trump says Ukraine needs a new president, blames Zelenskyy’s strikes on Russian refineries for high diesel prices











