
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണ മാതൃക പിന്തുടര്‍ന്ന് യുകെയും. രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ വന്‍ റെയ്ഡുകള്‍ ലേബര്‍ സര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം.
‘യുകെ വൈഡ് ബ്ലിറ്റ്‌സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നടപടി കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍ എന്നിവയുള്‍പ്പെടെ മിക്ക ഇടങ്ങളിലേക്കും എത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ പരിശോധന കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വേഗത്തില്‍ കണ്ടെത്താന്‍ അധികൃതരെ സഹായിക്കും. ബ്രിട്ടീഷ് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. അറസ്റ്റുകള്‍ 609 ആയി വര്‍ദ്ധിച്ചു, മുന്‍ വര്‍ഷത്തേക്കാള്‍ 73 ശതമാനം വര്‍ധനവാണിത്.
കഴിഞ്ഞ മാസം റെസ്റ്റോറന്റുകള്‍, കഫേകള്‍, ഭക്ഷണം, പാനീയം, പുകയില വ്യവസായം എന്നിവിടങ്ങളില്‍ വ്യാപക റെയ്ഡാണ് നടത്തിയതെന്ന് ഹോം സെക്രട്ടറിയുടെ ഓഫീസ് പറഞ്ഞു. വടക്കന്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ നിന്നുമാത്രം ഏഴുപേരെ അറസ്റ്റുചെയ്‌തെന്നും നാല് പേരെ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
‘കുടിയേറ്റ നിയമങ്ങള്‍ മാനിക്കപ്പെടുകയും നടപ്പിലാക്കുകയും വേണം. വളരെക്കാലമായി, തൊഴിലുടമകള്‍ക്ക് അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യാന്‍ കഴിഞ്ഞു, കൂടാതെ നിരവധി ആളുകള്‍ക്ക് നിയമവിരുദ്ധമായി എത്തി നിയമവിരുദ്ധമായി ജോലി ചെയ്യാന്‍ കഴിഞ്ഞു’കൂപ്പര്‍ പറഞ്ഞു.
അനധികൃത കുടിയേറ്റം ജീവന്‍ അപകടത്തിലാക്കിക്കൊണ്ടുപോലും യുകെയിലേക്ക് ആളുകള്‍ കടക്കാനും ദുര്‍ബലരായ ആളുകളെയും കുടിയേറ്റ സംവിധാനത്തെയും നമ്മുടെ സമ്പദ്വ്യവസ്ഥയെയും ദുരുപയോഗം ചെയ്യുന്നതിനും കാരണമാകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൈകാലുകളില്‍ വിലങ്ങുവെച്ച് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപിന്റെ രീതിയോട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയരവെയാണ് യുകെയും കുടിയേറ്റ നിയന്ത്രണത്തിന് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.