കുടിയേറ്റം; ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഉദ്യോഗസ്ഥരുടെ പരിശോധന, എതിർത്ത് സംഘടനകൾ

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി. നിയമവിരുദ്ധവും രേഖകളില്ലാത്തതുമായ ചില ഇന്ത്യൻ കുടിയേറ്റക്കാർ അവരുടെ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.

ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് വിശ്വാസത്തിൻ്റെ പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാർ നിയമവിരുദ്ധമായി നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവര്‍ത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

അതേസമയം ഗുരുദ്വാരകൾ പോലുള്ള ആരാധനാലയങ്ങൾ ലക്ഷ്യമിടാനുമുള്ള ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.

US Authority raided Gurudwara on migration issue